ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; നിര്‍ണായക ഉത്തരവ് ഉച്ചയ്ക്ക് രണ്ട് മണിക്ക്; പണക്കാര്‍ക്ക് കോടതിയെ നിയന്ത്രിക്കാനാകില്ല; അവര്‍ കളിക്കുന്നത് തീക്കളി

ദില്ലി: ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീംകോടതി ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും. ഉച്ചയ്ക്ക് 2 മണിക്ക് കോടതി വീണ്ടും ചേര്‍ന്ന ശേഷം ഇത് സംബന്ധിച്ച ഉത്തരവിറക്കുമെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകന്‍ ഉത്സവ് ബയന്‍സിന്റെ ആരോപണത്തിലാണ് സുപ്രീംകോടതി അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുക.

സിബിഐ, ദില്ലി പൊലീസ്, ഐബി, ഉദ്യോഗസ്ഥരുമായി ഇന്നലെ ചര്‍ച്ച നടത്തിയ ജഡ്ജ്മാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാനാണ് സാധ്യത.

റിലയന്‍സിന് വേണ്ടി വിധി തിരുത്തിയ 2 ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കാട്ടി ബയന്‍സ് നല്‍കിയ അധിക സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് കോടതി കേസ് ഉത്തരവിടാനായി മാറ്റിയത്.

അധിക സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തിന് അഭിഭാഷക നിയമപ്രകാരം സവിശേഷ അധികാരം ഉണ്ടെന്ന ബയന്‍സിന്റെ വാദം എജിയും ബാര്‍ അസോസിയേഷനും ചോദ്യം ചെയ്തു.

ബയന്‍സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് കോടതിയെ ചൊടിപ്പിച്ചു. റിമോട്ട് കണ്‍ട്രോളിലൂടെ കോടതിയെ നിയന്ത്രിക്കുന്നു എന്ന ആരോപണങ്ങള്‍ ദിവസേന പുറത്തു വരുന്നു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ വഴിവിട്ട ശ്രമം നടക്കുന്നു എന്നും പറയുന്നു.

ഇതില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട്. പണക്കാര്‍ക്ക് കോടതിയെ നിയന്ത്രിക്കാന്‍ ആകില്ല. അവര്‍ തീക്കളിയാണ് കളിക്കുന്നത് എന്നും ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികരോപണത്തില്‍ സുപ്രീംകോടതി നടത്തുന്ന ആഭ്യന്തര അന്വേഷണത്തെ ഈ കേസിലെ നടപടികള്‍ സ്വാധീനിക്കില്ലെന്ന് കോടതി ആവര്‍ത്തിച്ചു. ആരോപണം ഉന്നയിച്ച ഉത്സവ് ബയന്‍സിന്റെ താല്പര്യങ്ങളും അന്വേഷിക്കണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക ഉറപ്പുകള്‍ നല്‍കാന്‍ കോടതി തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News