മാര്‍വല്‍ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്‌സ് പരമ്പരയിലെ പുതിയ ചിത്രം അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം റിലീസിന് മുമ്പേ ഇന്റര്‍നെറ്റില്‍.

ഇന്ത്യന്‍ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സ്ഥിരമായി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്ന തമിഴ് റോക്കേഴ്സാണ് ബ്രഹ്മാണ്ഡചിത്രമായ അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമും ചോര്‍ത്തിയത്.

ചിത്രം നാളെ ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലെത്തിയത്. ചിത്രത്തിന്റെ ക്യാമറാ പതിപ്പാണിതെന്നാണ് സൂചന.

സിനിമ ഇന്നലെ ലോകമെമ്പാടും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായം നേടുന്ന ചിത്രത്തിന് ഇന്ത്യയിലും കോടിക്കണക്കിന് ആരാധകരാണുള്ളത്. പ്രമുഖ ബുക്കിങ്ങ് സൈറ്റുകളില്‍ സെക്കന്റില്‍ 18 ടിക്കറ്റുകളാണ് വിറ്റുപോയത്.

തിരക്ക് കണക്കിലെടുത്ത് പല തീയറ്ററുകളിലും രാവിലെ നാലിന് തന്നെ പ്രത്യേക ഷോ ഒരുക്കിയിട്ടുണ്ട്. അദ്യ ദിവസത്തെ പ്രദര്‍ശനത്തിന്‍ നിന്ന് ഇന്ത്യയില്‍ നിന്ന് 40 കോടി രൂപയാണ് വിതരണ കമ്പനി ലക്ഷ്യമിടുന്നത്.
2008ലാണ് മാര്‍വല്‍ സ്റ്റുഡിയോസ് അവരുടെ ആദ്യ ചിത്രമായ അയണ്‍ മാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

അയണ്‍ മാന്‍ വന്‍ വിജയമായതോടെ ക്യാപ്റ്റന്‍ അമേരിക്ക, തോര്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ കുറിച്ചുള്ള സിനിമകള്‍ ഒരുക്കി. വൈകാതെ ഈ സൂപ്പര്‍താരങ്ങളെല്ലാം ഒരുമിച്ചുള്ള അവഞ്ചേഴ്‌സ് എന്ന വമ്പന്‍ ചിത്രവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.

ഈ സീരിസിലെ അവസാന ചിത്രമാണ് എന്‍ഡ് ഗെയിം. റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഇവാന്‍സ്, ക്രിസ് ഹെംസ് വര്‍ത്ത്, മാര്‍ക്ക് റുഫാലോ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.