ആദ്യ കണക്റ്റഡ് എസ് യു വി വെന്യൂ എത്തുന്നു; ബുക്കിങ്ങ് അടുത്തയാഴ്ച മുതല്‍

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് എസ് യു വി എന്ന വിശേഷണമുള്ള ഹ്യുണ്ടായ് വെന്യുവിന്റെ ബുക്കിങ്ങ് മെയ് 2 വ്യാഴാഴ്ച ആരംഭിക്കും. ചില ഡീലര്‍മാര്‍ അനൗദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

മെയ് 21നാണ് എസ്.യു.വി വിപണിയിലെത്തുക. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ട് മുതല്‍ 12  ലക്ഷം വരെയായിരിക്കും വിലയെന്നാണ് സൂചന.

വോഡഫോണിന്റെ ഇന്‍ബില്‍റ്റ് സിമ്മുമായി എത്തുന്ന വെന്യുവില്‍ ബ്ലൂ ലിങ്ക് ടെക്‌നോളജി പ്രകാരമാണ് കണക്ടിവിറ്റി ഫീച്ചറുകള്‍. വാഹനത്തിന്റെ സെക്യൂരിറ്റി, വെഹിക്കിള്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ലോക്കേഷന്‍ അടിസ്ഥാനമായുള്ള സര്‍വീസ്, മുന്നറിയിപ്പ്, ശബ്ദത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധി തുടങ്ങി 33 സേവനങ്ങള്‍ ബ്ലൂ ലിങ്ക് ടെക്‌നോളജിയുടെ ഭാഗമായി ലഭ്യമാകും.

ഇതില്‍ 10 എണ്ണം ഇന്ത്യക്ക് മാത്രമായുള്ള ഫീച്ചറുകളാണ്. അതാത് സമയങ്ങളിലെ ട്രാഫിക് നാവിഗേഷന്‍, സ്ഥലങ്ങള്‍, ഓട്ടോമാറ്റിക് ക്രാഷ് നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്‌സ്, മെഡിക്കല്‍ ആന്‍ഡ് പാനിക് അസിസ്റ്റന്‍സ് തുടങ്ങിയ ധാരാളം സവിശേഷതകള്‍
ബ്ലൂലിങ്കിലൂടെ വെന്യു എസ്.യു.വിയില്‍ ഇടംപിടിക്കും.

ബ്ലാക്ക് ഫിനിഷിങ് ഇന്റീരിയറില്‍ സില്‍വര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, റിമോട്ട് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, റിമോട്ട് സ്റ്റാര്‍ട്ട്‌സ്റ്റോപ്പ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവയും ഇന്റീരിയറിന്റെ സവിശേഷതകളാണ്.

ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

120 എച്ച് പി കരുത്തുള്ള കാപ്പ 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ആദ്യമായെത്തുന്ന മോഡലാണിത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഘടിപ്പിച്ച ഹ്യൂണ്ടായുടെ ആദ്യ വാഹനവും വെന്യൂ തന്നെ.

ക്രെറ്റയുടെ മസിലന്‍ ഭാവവുമായി സാമ്യമുള്ള ബോക്‌സി ഡിസൈനാണ് വെന്യുവിനുള്ളത്. ക്രോമിയം ആവരണമുള്ള കാസ്‌കേഡ് ഗ്രില്ല്, പ്രൊജക്ഷന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം ഹെഡ് ലാമ്പ്, ഡിആര്‍എല്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.

ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും എല്‍ഇഡി ടെയ്ല്‍ ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രെറ്റയിലേതിന് സമാനമായ ടെയ്ല്‍ഗേറ്റ് എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കുന്നുണ്ട്.

ഐ20യിലെയും ക്രെറ്റയിലെയും നല്‍കിയിരിക്കുന്നതിനോട് സാമ്യമുള്ളതാണ് ഡാഷ്‌ബോര്‍ഡ്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.

3995 എംഎം നീളവും 1770 എംഎം വീതിയും 1590 എംഎം ഉയരവുമാണ് വെന്യുവിനുള്ളത്. ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്‌സ് എന്നിവയും വെന്യുവിലുണ്ട്. സൗന്ദര്യവും സൗകര്യവും ഗുണനിലവാരവും സമന്വയിക്കുന്ന ഉള്‍ഭാഗമാണ് വെന്യുവിനുള്ളത്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ വെന്യൂ വിപണിയിലെത്തും 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 83 ബി.എച്ച്.പി കരുത്തും 115 എന്‍.എം ടോര്‍ക്കും നല്‍കും.

1 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 120 ബി.എച്ച്.പി കരുത്തും 172 എന്‍.എം ടോര്‍ക്കുമേകും. 1.4 ലിറ്റര്‍ ഡീസല്‍ ഡീസല്‍ എന്‍ജിന് 90 ബി.എച്ച്.പി കരുത്തും 220 എന്‍.എം ടോര്‍ക്കുമേകും.

ഇതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 1 ലിറ്റര്‍ പെട്രോളിന് ആറ് സ്പീഡ് മാനുവലും 7 സ്പീഡ്
ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സും 1.4 ലിറ്റര്‍ ഡീസലിന് 6 സ്പീഡ് ഗിയര്‍ബോക്‌സുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലും ഇന്ത്യയിലും ഒരേ സമയമാണ് ഹ്യൂണ്ടായ് എസ്.യു.വിയെ പ്രദര്‍ശിപ്പിച്ചത്. ഇന്നത്തെ തലമുറയുടെ താല്‍പര്യത്തിനനുസരിച്ച് രൂപകല്‍പ്പന ചെയ്ത വെന്യുവിന്റെ ഇന്ത്യയിലെ ലോഞ്ച് മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള ക്രൂയിസ് ഷിപ്പായ ആംഗ്രിയയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News