ഓൺലൈൻ ഓഹരി വിനിമയത്തിലൂടെ ലക്ഷങ്ങൾ കബളിപ്പിച്ച ഐ ടി എഞ്ചിനീയർ അറസ്റ്റിൽ

മുംബൈ നഗരത്തില്‍ പുതിയതായി സജ്ജമാക്കിയ മഹാരാഷ്ട്ര സൈബര്‍ സെല്‍ ആണ് ഓണ്‍ലൈന്‍ കുറ്റകൃത്യത്തിന് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിലെ പ്രമുഖ ഓഹരി വിനിമയ കമ്പനിയുടെ പണമിടപാട് സംവിധാനത്തെ ഹാക്ക് ചെയ്തു കബളിപ്പിച്ചാണ് 28 കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഏകദേശം 45 ലക്ഷത്തോളം രൂപ അടിച്ചു മാറ്റിയത്.

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി മാത്രമായി രൂപം കൊടുത്ത പ്രത്യേക സെല്‍ ആണ് അന്വേഷണം നടത്തിയത്.

ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബ്രിജേഷ് സിങാണ് നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ ക്രൈം തടയുന്നതിനായുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്.

ബ്രിജേഷ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനൊടുവില്‍ തമിഴ് നാട്ടുകാരനായ വിഘ്‌നേഷ് കണ്ണനെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യന്‍ ക്ലിയറിങ് കോര്‍പറേഷന്‍ എന്ന ഓഹരി വിനിമയ കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സൈബര്‍ പോലീസിന്റെ അന്വേഷണം. അങ്ങിനെയാണ് സംശയാസ്പദമായ രീതിയില്‍ കണ്ണന്റെ ഓഹരി ഇടപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

പരാതിപ്പെട്ട കമ്പനിയുമായി നിരവധി ഓഹരി ഇടപാടുകള്‍ നടത്തിയിട്ടുള്ള കണ്ണന്‍ പക്ഷെ നല്‍കേണ്ട തുകയുടെ 10% മാത്രമാണ് പേയ്‌മെന്റ് ഗെയ്റ്റ്‌വെ വഴി അടച്ചു വന്നിട്ടുള്ളത്. 1 ലക്ഷം രൂപയുടെ റിലൈന്‍സ് മ്യൂച്ചല്‍ ഫണ്ട് വാങ്ങിയപ്പോള്‍ കണ്ണന്‍ ഓണ്‍ലൈന്‍ വഴി അടച്ചത് 10000 രൂപ മാത്രമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ഇത്തരം ഇടപാടുകളിലൂടെയാണ് കണ്ണന്‍ 41.50 ലക്ഷം രൂപയോളം കമ്പനിയെ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തിയത്.

കണ്ണന്റെ അറസ്റ്റിനോടൊപ്പം കമ്പനിയുടെ ഓണ്‍ലൈന്‍ പണമിടമാടു സംവിധാനത്തിലെ പഴുതുകള്‍ അടക്കുവാനുള്ള നടപടികളും കൈക്കൊണ്ടതായി പോലീസ് അറിയിച്ചു.

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടുവാനായി പ്രത്യേക പരിശീലനം നേടിയ പോലീസ് സംഘമടങ്ങുന്നതാണ് സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സൈബര്‍ സെല്‍.

സമൂഹ മാധ്യമങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതോടെ ഈ മേഖലയിലെ ചതിക്കുഴികള്‍ക്കും വിരാമമിടുവാനാണ് പോലീസ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here