ഇന്തോനേഷ്യയിലെ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി ചെയ്യേണ്ടിവന്നതിനെ തുടർന്ന്‌ 272 തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥർ മരിച്ചു.

1878 പേർ വിവിധ അസുഖങ്ങൾ ബാധിച്ച‌് ആശുപത്രിയിൽ ചികിത്സയിലാണെന്നും തെരഞ്ഞെടുപ്പ‌് കമീഷൻ വക്താവ‌് ആരിഫ‌് പ്രിയോ സുസാന്റോ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പാണ‌് ഇന്തോനേഷ്യയിലേത‌്. ചെലവ‌് ചുരുക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിർമാണ സഭയിലേക്കുള്ള പ്രതിനിധികൾ തുടങ്ങിയ അഞ്ച് വോട്ടെടുപ്പുകളും ഒറ്റഘട്ടമായാണ‌് നടന്നത‌്. 19 കോടി വോട്ടർമാരാണ‌് ബാലറ്റിലുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത‌്.

ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥർക്ക‌് വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ സമയം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന‌് ഏപ്രിൽ 17ന‌് ശേഷം അതിക്ഷീണം കാരണം തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥരിലധികം പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരുടെയും ചികിത്സാചെലവ‌് ആരോഗ്യ വകുപ്പ‌് വഹിക്കുമെന്നും മരിച്ചവരുടെ കുടുംബത്തിനുള്ള നഷ‌്ടപരിഹാര തുക ധനകാര്യവകുപ്പ‌് ഉടൻ തീരുമാനത്തിലെത്തുമെന്നും സുസാന്റോ പറഞ്ഞു.

നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് പ്രധാന മത്സരം. വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും ഫലപ്രഖ്യാപനത്തിനായി മെയ‌് 22 വരെ കാത്തിരിക്കണം.