മുംബൈ ബൂത്തിലേക്ക്; ഇക്കുറി മലയാളി വോട്ടുകളുടെ എണ്ണം കൂടും

മഹാരാഷ്ട്രയിലെ അവസാന ഘട്ട വോട്ടെടുപ്പിനായി 17 മണ്ഡലങ്ങളിലെ മൂന്ന് കോടിയോളം വോട്ടർമാർ ഇന്ന് സമ്മതിദാനം നിർവഹിക്കുമ്പോൾ ഏകദേശം 10 ലക്ഷത്തോളം വരുന്ന മലയാളി വോട്ടുകളും നിർണായകമായിരിക്കും.

രാവിലെ ഏഴു മണിക്കാരംഭിച്ച വോട്ടെടുപ്പിൽ കൂടുതലായും എത്തിയത് ജോലിക്ക് പോകേണ്ടവരാണ്. മിക്കവാറും ഓഫീസുകളിൽ ജോലിക്കാർക്ക് വോട്ടു ചെയ്യുന്ന സൗകര്യത്തിനായി വൈകി എത്തുവാനും നേരത്തെ പോകുവാനുമുള്ള അനുവാദമുണ്ട്.

ഓൺലൈൻ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയവർക്കെല്ലാം ഇക്കുറി മുൻകൂർ തന്നെ ബൂത്ത് വിവരങ്ങൾ ശേഖരിച്ചു എളുപ്പത്തിൽ വോട്ടു ചെയ്തു മടങ്ങുവാൻ കഴിഞ്ഞത് യുവാക്കളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്.

പൊതുവെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുകളോട് നഗരത്തിലെ മലയാളികൾ നിസ്സംഗത പുലർത്തുന്ന പതിവ് കാഴ്ചക്ക് വിപരീതമായി ഇക്കുറി കൂടുതൽ പേർ ബൂത്തുകളിലേത്തുന്ന കാഴ്ചക്കും നഗരം സാക്ഷിയായി.

മലയാളികളായ വോട്ടർമാർ കൂടുതലുള്ള മണ്ഡലങ്ങളിൽ പരമാവുധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള മലയാളി സംഘടനകളുടെ ശ്രമങ്ങൾ ഫലം കണ്ടതായാണ് ആദ്യ മണിക്കൂറുകളിലെ മലയാളി വോട്ടർമാരുടെ സാന്നിധ്യം വ്യക്തമാക്കുന്നത്.

നവി മുംബൈ, ഡോംബിവ്‌ലി, കല്യാൺ, മീരാ ഭയന്തർ, താനെ, വസായ്, വിരാർ തുടങ്ങിയ പ്രദേശങ്ങളാണ് മലയാളി വോട്ടുകൾ സ്വാധീനം ചെലുത്തുന്ന മണ്ഡലങ്ങൾ.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ബൂത്തുകളിലും പരിസരത്തും ഏർപ്പെടുത്തിയിട്ടുള്ളത്. മുംബൈ പോലീസ് കൂടാതെ അർധ സൈനിക വിഭാഗത്തിലെ 14 കമ്പിനികളെയും സംസ്ഥാന റിസർവ് പോലീസിന്റെ 12 കമ്പനികളെയും ആറായിരത്തോളം ഹോം ഗാർഡുകളെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

മൊത്തം നാല്പതിനായിരം വരുന്ന സുരക്ഷാ ഭടന്മാരാണ് ക്രമസമാധാന പരിപാലനത്തിനായി നിയോഗിച്ചിട്ടുള്ളത്. ബൂത്തുകളിലെത്തുന്ന വോട്ടർമാർക്ക് മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾ അനുവദനീയമല്ല. ഭീകര വിരുദ്ധ സേനയോടും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വേനലവധി കൂടാതെ മെയ് ദിനമടക്കം അടുപ്പിച്ചു വരുന്ന അവധി ദിവസങ്ങൾ പോളിങ് ശതമാനത്തെ ചെറിയ തോതിൽ ബാധിച്ചേക്കാം. എന്നിരുന്നാലും മുൻകാലങ്ങളെ അപേക്ഷിച്ചു ഇക്കുറി കൂടുതൽ പോളിങ് നടക്കുമെന്ന പ്രത്യാശയിലാണ് മഹാ നഗരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News