പെരുമാറ്റ ചട്ട ലംഘനം: നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല; കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

മാതൃകാ പെരുമാറ്റ ചട്ട ലംഘനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

സൈന്യത്തിന്റെയും മതത്തിന്റെയും പേരിൽ വോട്ട് ചോദിച്ചതിന് നടപടി എടുക്കാൻ കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.ഇതിനിടെ വോട്ടിങ് യന്ത്രത്തിൽ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കിൽ ശിക്ഷ ലഭിക്കുന്ന വ്യവസ്ഥ റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു

സൈന്യത്തിന്റെയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ആവർത്തിച്ച് ലംഘിച്ചിട്ടും കമ്മീഷൻ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സുഷ്മിത ദേവാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ബാലകൊട്ടിൽ വ്യോമാക്രമണം നടത്തിയവർക്ക് കന്നി വോട്ട് നൽകാൻ ആഹ്വാനം ചെയ്ത ലാത്തൂരിലെ പ്രസംഗം,
ഹിന്ദുക്കളെ ലോകത്തിന് മുൻപിൽ കോൺഗ്രസ് നാണം കെടുത്തിയെന്ന വാർദ്ധയിലെ പ്രസംഗം ഉൾപ്പെടെ 6 പെരുമാറ്റ ചട്ട ലംഘനങ്ങളാണ് മോദിക്കെതിരെ ഹർജിയിൽ ഉന്നയിക്കുന്നത്.

വയനാടിനെ പാകിസ്ഥാൻ ആയി ഉപമിച്ച അമിത് ഷായുടെ നാഗ്പൂർ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഇരുവർക്കെതിരെയും നടപടി എടുക്കാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

മോദിയുടെയും അമിത് ഷായുടെയും പേരുകൾ വ്യക്തമായി പരാമർശിക്കാത്തതിനാൽ കേസ് മെൻഷൻ ചെയ്യാൻ അഭിഷേക് സിംഗ്വിക്ക് അവസാനമാണ് ചീഫ് ജസ്റ്റിസ് അനുമതി നൽകിയത്.

40ഓളം പെരുമാറ്റ ചട്ട ലംഘന പരാതികൾ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് നൽകി. ഇതിൽ പലതിലും നടപിടി ഉണ്ടായില്ല. നടപടി എടുക്കുന്നതാകട്ടെ 3 ആഴ്ചയോളം കഴിഞ്ഞാണെന്നും കോൺഗ്രസ് പറയുന്നു.

കേസ് നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകി. അതേസമയം വോട്ടിങ് യന്ത്രത്തിൽ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കിൽ ശിക്ഷ ലഭിക്കുന്ന വ്യവസ്ഥ റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

വിവിപാറ്റ് പരിശോധിച്ചു ഉദ്ദേശിച്ച സ്ഥാനാര്ഥിക്കല്ല വോട്ട് ലഭിച്ചതെന്നു ബോദ്ധ്യമായാലും ശിക്ഷാ വ്യവസ്ഥ കാരണം പരാതിപ്പെടുന്നതിൽ നിന്ന് ആൾക്കാർ പിന്മാരുന്നുവെന്നും പരാതി തെളിയിക്കേണ്ടത് വോട്ടറുടെ ബാധ്യത അല്ലെന്നുമാണ് ഹർജിക്കാരൻ സുനിൽ ആഹ്യയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News