എംപാനല്‍ ജീവനക്കാരെ ഉടന്‍ പിരിച്ചു വിടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിധി വരുന്നത് വരെ സര്‍ക്കാരിന് സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തെ കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 30നകം 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കെ എസ് ആര്‍ ടി സി യുടെ ആവശ്യം.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് കെ എസ് ആര്‍ ടി സി അടുത്ത ദിവസം ഹൈക്കോടതിയില്‍ ആവശ്യപ്പെടും.

1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ ഹൈ കോടതി അനുവദിച്ച സമയം നാളെ അവസാനിക്കാന്‍ ഇരിക്കെയാണ് കെ എസ് ആര്‍ ടി സി യുടെ നീക്കം.

സ്ഥിരം തസ്തികകളിലേക്ക് അല്ല എംപാനല്‍ ഡ്രൈവര്‍മാരെ നിയമിച്ചതെന്നും, താല്‍ക്കാലിക നിയമനത്തിന് കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട് എന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കെ എസ് ആര്‍ ടി സി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. കണ്ടക്ടര്‍ നിയമനം നടത്തിയത് പോലെയല്ല എംപാനല്‍ ഡ്രൈവര്‍ നിയമനം.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ഒരു ബസിന് എത്ര ജീവനക്കാര്‍ എന്ന അനുപാതം പുതുക്കി നിശ്ചയിക്കുമെന്നും കെ എസ് ആര്‍ ടി സി സുപ്രീം കോടതിയെ അറിയിച്ചു.

സമയപരിധി നാളെ അവസാനിക്കാന്‍ ഇരിക്കെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് അടുത്ത ദിവസം തന്നെ കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍ ആവശ്യപ്പെടും. ഈ മാസം 9 നായിരുന്നു.

കെ.എസ്.ആര്‍.ടി.സി.യില്‍ നിലവിലുള്ള 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരെ ഈമാസം 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. റിസര്‍വ് ഡ്രൈവര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരേ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ അപ്പീലുകളിലായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഇതേരീതിയില്‍ പിരിച്ചുവിടാന്‍ നേരത്തേ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.