
കാസര്‍കോഡ് എന്‍ഐഎ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഫോണിന്റെ ഉടമകള്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരായി. ശ്രീലങ്കന്‍ സ്‌ഫോടനവുമായി കാസര്‍കോഡ് സ്വദേശികള്‍കുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ.
എന്നാല്‍ ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത സംഭവത്തില്‍ ഇവരുടെ പങ്കിനെ കുറിച്ച് എന്‍ഐഎ അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് അടവുമരം അക്ഷയ നഗറില്‍ റിയാസ് അബൂബക്കറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു.
രാവിലെ പതിനൊന്ന് മണിയോടെയാണ് കാസര്‍കോട് സ്വദേശികളായ നായന്മാര്‍ മൂലയിലെ അഹമ്മദ് അരാഫത്ത് കാളിയങ്കാട്ടെ അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരായത്. ഞായറാഴ്ച പുലര്‍ച്ചെ എന്‍ഐഎ അന്വേഷണ സംഘം കാസര്‍കോട്ടും പാലക്കാട്ടും നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇരുവരോടും തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
ഇവരുടെ വീടുകളില്‍ നിന്നും നിരവധി രേഖകളും രണ്ട് ഫോണുകളും സംഘം കണ്ടെത്തി. ഈ ഫോണുകള്‍ ഉപയോഗിച്ചിരുന്ന അഹമ്മദ് അരാഫത്ത്, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ക്ക് സംഭവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം എന്‍ഐഎ പരിശോധിച്ച് വരികയാണ്.
ഇരുവര്‍ക്കും പ്രാഥമിക ഘട്ട അന്വേഷണത്തില്‍ ബന്ധമുള്ളതായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ കാസര്‍കോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധമുള്ള ഇവര്‍ക്ക് ഐഎസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത സംഭവവുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
പാലക്കാട് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അടവുമരം അക്ഷയ നഗറില്‍ റിയാസ് അബൂബക്കറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഐ എസ് അനുകൂല സംഘടനകളുമായി ഇയാള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതായും ഇത്തരം ആശയങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായും നേരത്തെ സംശയം ഉണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ ആയിരുന്നു ഇയാള്‍. ഇവര്‍ മൂന്ന് പേരും മതപരമായ ചടങ്ങുകള്‍ ധരിക്കുന്ന തൊപ്പി, അത്തര്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ വില്‍ക്കുന്ന ആളുകളാണ്. ലങ്കയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഫ്രാന്‍ ഹാഷിമിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാളുടെ കേരള ബന്ധത്തെ കുറിച്ച് സംശയമുയര്‍ന്നത്. ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍ ദിനപത്രം ഡെയ്‌ലി മിറര്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here