മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ അലക്‌സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. നേരത്തെ കുറ്റം തെളിഞ്ഞതിനാല്‍ ഹെയില്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പിനുള്ള ടീമില്‍ നിന്നും പുറത്താക്കിയ നടപടി വന്നത്.

ഏകദിനങ്ങളില്‍ 95.72 സ്‌ട്രൈക്ക് റേറ്റുള്ള ഹെയില്‍സ് 70 മത്സരങ്ങളില്‍ നിന്നായി 2419 റണ്‍സ് നേടിയിട്ടുണ്ട്. ആറ് സെഞ്ച്വറികളടിച്ച ഹെയില്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നോട്ടിങ്ഹാമില്‍ പാകിസ്ഥാനെതിരെ നേടിയ 171 റണ്‍സാണ്.

ഹെയ്ല്‍സിന് പകരക്കാരനെ ഇസിബി തീരുമാനിച്ചിട്ടില്ല. ഹാംഷെയറിന്റെ ജയിംസ് വിന്‍സ് പകരം ടീമിലെത്തിയേക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാദങ്ങ!ളില്‍ നിന്നൊ!ഴിഞ്ഞ് ടീമിന് കളിക്കളത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് ഇ സി ബി മാനേജിങ്ങ് ഡയറക്ടര്‍ ആഷ്‌ലി ഗില്‍സ് പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി വെള്ളിയാഴ്ച അയര്‍ലന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ഏകദിനത്തിനുള്ള പരിശീലനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹെയില്‍സിനെതിരേ നടപടി വരുന്നത്.

എല്ലാ സീസണിന്റെ ആദ്യവും അവസാനവും താരങ്ങള്‍ക്കു നടത്തുന്ന പരിശോധനയെത്തുടര്‍ന്നാണ് ഹെയില്‍സിന്റെ മയക്കമരുന്ന് ഉപയോഗം കണ്ടെത്തിയത്. വിലക്ക് കൂടാതെ നോട്ടിങ്ഹാംഷയര്‍ താരമായ ഹെയില്‍സിന്റെ കൗണ്ടി ക്രിക്കറ്റിലെ പ്രതിഫലത്തിന്റെ അഞ്ചുശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം 2017ല്‍ ബെന്‍ സ്റ്റോക്‌സുമൊത്ത് ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ബോര്‍ഡിന്റെ അച്ചടക്കനടപടിക്ക് ഹെയില്‍സ് വിധേയനായിരുന്നു. ആറുദിവസം ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവില്‍ സ്റ്റോക്‌സ് കുറ്റക്കാരനല്ലെന്നു വിധിക്കുകയായിരുന്നു