ദീപക് പറമ്പോല്‍ നായക വേഷത്തിലഭിനയിക്കുന്ന “ഓര്‍മ്മയില്‍ ഒരു ശിശിരം” എന്ന സിനിമയുടെ ട്രെയ്‌ലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം മേയ് മാസത്തിൽ പ്രദർശനത്തിനെത്തും.
തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്പോല്‍.
ദീപക് സ്‌കൂള്‍ വിദ്യാര്‍ഥിയായാണ് ഓര്‍മ്മയില്‍ ഒരു ശിശിരത്തിൽ അഭിനയിക്കുന്നത്. സ്കൂൾ ജീവിതത്തിലെ സൗഹൃദവും പ്രണയത്തിന്റെ മനോഹാരിതയും നോവുമെല്ലാമാണ് ട്രെയ്‌ലർ കാഴ്ചകൾ.
പുതുമുഖം അനശ്വരയാണ് നായിക. എല്‍ദോ മാത്യു, ജെയിംസ് സാം, ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ എന്നിവരാണ് മറ്റു താരങ്ങൾ.
രചന വിഷു രാജ് , അരുണ്‍ ജെയിംസ് ക്യാമറ ചലിപ്പിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.
ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘സൈറ ബാനു’, ‘സൺ‌ഡേ ഹോളിഡേ’, ‘ബി ടെക്ക്’ എന്നീ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ മാക്‌ട്രോ പിക്‌ചേഴ്‌സാണ് ഓർമ്മയിൽ ഒരു ശിശിരത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.