വര്‍ധിപ്പിച്ച ഡിഎ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം; കുടിശ്ശിക അടുത്ത മാസം

വർധിപ്പിച്ച ഡിഎ (ക്ഷാമബത്ത) എല്ലാ ജീവനക്കാർക്കും അധ്യാപകർക്കും ഏപ്രിലിലെ ശമ്പളത്തോടൊപ്പം ലഭ്യമാക്കുമെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് വ്യക്തമാക്കി.

കുടിശ്ശിക അടുത്ത മാസം ലഭിക്കും. ബജറ്റ് പ്രസംഗത്തിൽ ഏപ്രിലിലെ ശമ്പളത്തോടൊപ്പം ഡിഎ വർധനയുടെ രണ്ട് ഗഡുക്കൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പതിറ്റാണ്ടുകളായി ഡിഎ വർധന പ്രാബല്യത്തിൽ വരുമ്പോൾ കുടിശ്ശിക പിഎഫിൽ ലയിപ്പിക്കുകയാണ് പതിവ്. ഇതിൽനിന്ന‌് വ്യത്യസ്തമായി കുടിശ്ശിക പണമായിട്ടുതന്നെ നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതുപ്രകാരമുള്ള ഉത്തരവും സർക്കാർ ഇറക്കിയിട്ടുണ്ട‌്.

സംസ്ഥാനത്തിന‌് വായ്പ അനുവദിക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റമാണ് കുടിശ്ശിക വിതരണം ഒരുമാസംകൂടി നീട്ടിവയ‌്ക്കാൻ കാരണം. നാലുമാസത്തെ ഗഡുക്കളായിട്ടാണ് വായ്പയെടുക്കാൻ അനുവാദം നൽകുക.

ഇപ്പോൾ ആദ്യപാദത്തിൽ 8000 കോടി രൂപ വായ്പയെടുക്കാൻ അനുവാദമുണ്ട്. ഈ വായ്പ പാദാരംഭത്തിൽത്തന്നെ വാങ്ങി എല്ലാ കുടിശ്ശികകളും തീർക്കുന്നതിനാണ് ലക്ഷ്യമിട്ടത്.

എന്നാൽ, അനുവദനീയമായ വായ്പ ഇങ്ങനെ ഒരുമിച്ച് എടുക്കുന്നതിന് കേന്ദ്രസർക്കാർ അനുദിച്ചില്ല. അതിനാൽ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയായ 1600 കോടി രൂപ അടുത്ത ഗഡുവായി വായ്പയെടുത്തു നൽകാനാണ‌് ഉദ്ദേശിക്കുന്നത‌്.

അത് അടുത്തമാസം നടക്കുകയും ചെയ്യും. സർവീസ് പെൻഷൻകാരുടെ ക്ഷാമബത്ത കുടിശ്ശിക ഈ മാസത്തെ പെൻഷനോടൊപ്പം തന്നെ ലഭ്യമാക്കും.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷാമബത്ത വർധന അനുവദിക്കുന്നതിനും ചെറിയൊരു കാലതാമസത്തോടെയാണെങ്കിലും കുടിശ്ശിക കാശായിത്തന്നെ നൽകുന്നതിനും സർക്കാർ എടുത്ത തീരുമാനത്തെ ജീവനക്കാർ സ്വാഗതംചെയ്യും.

ജീവനക്കാരുടെ ദീർഘകാല സ്വപ്നമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജൂൺ ഒന്ന് മുതൽ നിലവിൽ വരും. സമയബന്ധിതമായി ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാ ക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here