അവധിക്കാലം: കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന; പ്രതിദിനം സര്‍വീസ് നടത്തിയത് 4800-5000 ബസ്സുകള്‍

തൃശൂർ: അവധിക്കാലത്ത് യാത്രക്കാരുടെ തിരക്കേറിയതിനെത്തുടർന്ന് കെഎസ്ആർടിസിയുടെ വരുമാനം വൻ തോതിൽ വർധിച്ചു.

സംസ്ഥാനതലത്തിൽ മാർച്ച് മാസത്തിലേക്കാൾ ഏപ്രിലിൽ പ്രതിദിനം 50 മുതൽ 75 ലക്ഷംവരെ വരുമാനത്തിൽ വർധനയുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

പ്രതിദിനം 4800‐5000 ബസുകളാണ് സർവീസ് നടത്തുന്നത്. മാർച്ചിൽ ശരാശരി പ്രതിദിന വരുമാനം 5.75 കോടിയായിരുന്നത് ഏപ്രിലിൽ ശരാശരി 6.5 കോടി രൂപയായി വർധിച്ചു.

ചില ദിവസങ്ങളിൽ വരുമാനം ഏഴു കോടി രൂപയിൽ കൂടുതലാണ‌്. വിഷുവിന്റെ പിറ്റേന്ന് ഏപ്രിൽ 16നാണ‌് റെക്കോഡ് വരുമാനം‐7.35 കോടി രൂപ.

ഏപ്രിൽ 17ന് 7.27 കോടിയും ഈസ്റ്ററിനു പിറ്റേന്ന് ഏപ്രിൽ 22ന് 6.85 കോടിയും വരുമാനമുണ്ടായി. അതേ സമയം കഴിഞ്ഞ മാസം ഏറ്റവും വരുമാനമുണ്ടായ മാർച്ച് രണ്ടിന് 6.82 കോടിയും മാർച്ച് 11ന് 6.45 കോടിയും മാർച്ച് 18ന് 6.55 കോടിയുമായിരുന്നു.

സംസ്ഥാനത്ത് 94 കെഎസ്ആർടിസി ഡിപ്പോകളിൽ ഉയർന്ന വരുമാനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനാണ്. 85 ബസുകൾ സർവീസ് നടത്തുന്ന ഇവിടെ 25 മുതൽ 30 ലക്ഷംവരെയാണ് പ്രതിദിന വരുമാനം.

പാലക്കാട് ഡിപ്പോയിൽ 13 മുതൽ 15 ലക്ഷം വരെയും എറണാകുളത്ത് 13–14 ലക്ഷവും തൃശൂരിൽ 12–13 ലക്ഷവും കോഴിക്കോട്ട‌് 14–15 ലക്ഷവും കണ്ണൂരിൽ 14–15 ലക്ഷവുമാണ് പ്രതിദിന വരുമാനം.

ശരശാരി ഓരോ ബസിൽനിന്നുമുള്ള വരുമാനം 14,500 രൂപയാണ്. പല ഡിപ്പോകളിലും ഇപ്പോൾ നിശ്ചയിച്ച ടാർഗറ്റിനെക്കാൾ വരുമാനമുണ്ട്. കെഎസ്ആർടിസിയുടെ നഷ്ടം നല്ല രീതയിൽ കുറച്ചുകൊണ്ടുവരാനും ഇതിടയാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാൻ സർവീസുകൾ ശാസ്ത്രീയമായി ക്രമപ്പെടുത്തുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദ് പറഞ്ഞു.

ഒരേ റൂട്ടിൽ ഒന്നിലധികം ബസുകൾ ഒന്നിച്ച് പുറപ്പെടുന്ന രീതി അവസാനിപ്പിച്ച് സമയം ക്രമപ്പെടുത്തും. ദീർഘദൂരയാത്രക്കാർക്കും ഹ്രസ്വദൂര യാത്രക്കാർക്കും ഓരോ പത്തു മിനിറ്റിലും ഏതു സ്റ്റേഷനിൽനിന്നും ബസ‌് കിട്ടാവുന്ന അവസ്ഥയുണ്ടാക്കും.

ദീർഘദൂരയാത്രക്കാർക്ക് സൂപ്പർഫാസ്റ്റോ ഡീലക്സോ എക്സ്പ്രസോ ലഭ്യമാക്കും. തൃശൂരിൽനിന്ന് തെക്കോട്ടുള്ള സർവീസുകളിൽ ഇത് ആദ്യഘട്ടത്തിൽ പ്രാവർത്തികമാക്കും.

തൃശൂരിൽനിന്ന് വടക്കോട്ട് കോഴിക്കോടുവരെ ഓരോ 15 മിനിറ്റിലും സൂപ്പർഫാസ്റ്റ് കിട്ടാവുന്ന സ്ഥിതി നിലവിലുണ്ട്. ഇത് മറ്റു ജില്ലകളിലേക്കും അടുത്ത ഘട്ടത്തിൽ വ്യാപിപ്പിക്കും.

ഇതോടൊപ്പം ഇപ്പോൾ സർവീസ് കുറവുള്ള സ്ഥലങ്ങളിലേക്കും കെഎസ്ആർടിസി സർവീസ‌് ഇല്ലാത്ത സ്ഥലങ്ങളിലേക്കും ബസുകൾ തിരിച്ചു വിടും. നേരത്തേ സർവീസ് നിർത്തിവച്ച റൂട്ടുകളിൽ പുനരാരംഭിക്കും. ഇത് പൊതുവേ വരുമാനത്തിൽ വർധനയുണ്ടാക്കും.

ബംഗളൂരു ഉൾപ്പെടെ അന്തർ സംസ്ഥാന സർവീസുകളിൽ നിലവിൽ കെഎസ്ആർടിസിക്ക് 48 ഷെഡ്യൂളാണുള്ളത്. നാലു ഷെഡ്യൂൾകൂടി അധികം താമസിയാതെ ആരംഭിക്കും.

അവധിക്കാലത്ത് അന്തർസംസ്ഥാന യാത്രക്കാർക്ക് ഇത് കൂടുതൽ പ്രയോജനമാകും. എല്ലാ മേഖലകളിലേക്കുമുള്ള യാത്രക്കാർക്കും പരമാവധി സൗകര്യമൊരുക്കും വിധം കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ഫലപ്രദമായി വിനിയോഗിക്കാനാണ് ശ്രമിച്ചുവരുന്നതെന്നും എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News