തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്.

മോദി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളുടെ സവിശേഷതകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കലക്ടര്‍മാര്‍ക്ക് നിതി ആയോഗ് ഉദ്യോഗസ്ഥ അയച്ച സന്ദേശം പുറത്തായി. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത്.

മോദി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളുടെ ചരിത്ര, ഭൂമിശാസ്ത്ര, സാമ്പത്തിക സവിശേഷതകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കലക്ടര്‍മാര്‍ക്ക് നിതി ആയോഗില്‍ സംസ്ഥാനങ്ങളുടെ ഏകോപനചുമതലയുള്ള സാമ്പത്തിക ഉദ്യോഗസ്ഥ പിങ്കി കപൂര്‍ അയച്ച ഇമെയില്‍ സന്ദേശമാണ് പുറത്തുവന്നത്. ഇവര്‍ ചില ചീഫ്സെക്രട്ടറിമാര്‍ക്കും കലക്ടര്‍മാര്‍ക്കുമാണ് സന്ദേശം അയച്ചത്.

കേന്ദ്രഭരണപ്രദേശങ്ങളുടെ ചീഫ്സെക്രട്ടറിമാര്‍ക്ക് ഏപ്രില്‍ എട്ടിന് അയച്ച മെയിലില്‍ പ്രധാനമന്ത്രി വൈകാതെ കേന്ദ്ര ഭരണപ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും പ്രദേശങ്ങളെക്കുറിച്ചുള്ള കുറിപ്പ് നല്‍കണമെന്നും ആവശ്യപ്പെടുന്നു.

ഏപ്രില്‍ ഒമ്പതിന് പകല്‍ രണ്ടിന് മുമ്പായിതന്നെ കുറിപ്പ് കിട്ടണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ചരിത്രം, സംസ്‌കാരം, പ്രമുഖ വ്യക്തികള്‍, മതപരമായ സവിശേഷത, പ്രധാന വിള, വ്യവസായം തുടങ്ങിയ കാര്യങ്ങളും കുറിപ്പിലുണ്ടാകണമെന്നും നിര്‍ദേശിക്കുന്നു. മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലാ കലക്ടര്‍ മണ്ഡലത്തിന്റെ സവിശേഷത അറിയിച്ച് നിതി ആയോഗിന് അയച്ച ഇമെയില്‍ സന്ദേശവും പുറത്തായി.

ഗോണ്ഡിയ കലക്ടര്‍ കാദംബരി ബാല്‍ക്കവാഡെ നിതി ആയോഗിന് അയച്ച കുറിപ്പില്‍ ജില്ലയുടെ സവിശേഷതകളാണ് വിശദമാക്കുന്നത്. ഏപ്രില്‍ മൂന്നിന് മോദി ഗോണ്ഡിയയില്‍ തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയിരുന്നു. മാര്‍ച്ച് 31നാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ നിതി ആയോഗ് ആവശ്യപ്പെട്ടതുപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരം കൈമാറിയത്. ഗോണ്ഡിയക്ക് പുറമെ ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വാര്‍ധയിലും ഏപ്രില്‍ ഒമ്പതിന് ലത്തൂരിലും മോഡി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു.

ഈ രണ്ട് ജില്ലയിലെ കലക്ടര്‍മാരും പിഎംഒയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ കൈമാറിയിരുന്നു.അതേസമയം ചീഫ് സെക്രട്ടറിമാര്‍ക്കും കലക്ടര്‍മാര്‍ക്കും ഇമെയില്‍ അയച്ചത് പിങ്കി കപൂര്‍ നിഷേധിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രസംഗം തയ്യാറാക്കുന്നതിന് കലക്ടര്‍മാര്‍ വിവരം കൈമാറുന്നത് പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുപുപയോഗം ചെയ്തത്. ജനപ്രാതിനിധ്യനിയമം ലംഘിച്ചതിനാലാണ് 1975 ല്‍ ഇന്ദിര ഗാന്ധി അയോഗ്യയാക്കപ്പെട്ടതും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News