സൗബിന്‍ സാഹിര്‍ മുഖ്യ വേഷത്തിലെത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ ചിത്രീകരണം റഷ്യയില്‍ തുടങ്ങി.

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. റഷ്യയിലെ ഷെഡ്യൂള്‍ കഴിഞ്ഞാല്‍ അടുത്ത മാസം കണ്ണൂരിലും പയ്യന്നൂരിലുമായി തുടര്‍ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങും.

ബോളിവുഡില്‍ പരസ്യ ചിത്ര സംവിധായകനായി പേരെടുത്ത പയ്യന്നൂര്‍ സ്വദേശി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ളതാണ് ചിത്രം.

ഫഹദ് ഫാസിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഒരു റോബോട്ടിനൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന സൗബിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ‘കാര്‍ത്തിക് കാളിങ് കാര്‍ത്തിക്’, ‘വസീര്‍’, ‘വിശ്വരൂപം’ സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോണ്‍ വര്‍ഗ്ഗീസ് ആണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം. ബിജിപാലാണ് സംഗീതം. എഡിറ്റ് സൈജു ശ്രീധരനും ആര്‍ട്ട് ജ്യോതിഷ് ശങ്കറും സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്തും നിര്‍വ്വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് റോണക്‌സ് സേവ്യറും കോസ്റ്റ്യൂംസ് ജാക്കിയും നിര്‍വ്വഹിക്കുന്നു.

സൗബിന്‍ ഷാഹിറിനെ കൂടാതെ സുരാജ് വെഞ്ഞാറുമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.