“മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം”; തിരുനല്ലൂർ കരുണാകരന്റെ മെയ് ദിന കവിത കേൾക്കാം…

കേരളത്തിന്റെ മെയ് ദിന കവിതകളിൽ ഏറ്റവും ഉജ്ജ്വലമായ ഒന്നാണ് തിരുനല്ലൂർ കരുണാകരന്റെ മെയ് ദിന കവിത. പ്രൗഢോജ്ജ്വലമായ ആ കവിത വി കെ ശശിധരൻ മാസ്റ്റർ ആലപിച്ചതും അതുപോലെ അവിസ്മരണീയമാണ്.

ആ കവിത വായിക്കാം, ആലാപനം കേൾക്കാം:

മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാൽ
അഭിവാദനം അഭിവാദനം അഭിവാദനം
അരുണമയൂഖം നിന്‍ മുഖമാദരപൂര്‍വ്വം കാണ്മൂ ഞങ്ങൾ
മര്‍ദ്ദിതരുടെ ശിബിരങ്ങളെ ജാഗ്രത്താക്കിയും, അണികളിലവരെ നിരത്തിയും
എത്തുമദൃശ്യ മനുഷ്യാദ്ധ്വാനമഹത്വമഹസ്സേ
നിന്നെ കാണ്‍കേ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ
ഞങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം
പൊരുതിമരിച്ചു ജയിച്ചവരെല്ലാം.

മെയ് ദിനമേ,
ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാൽ
അഭിവാദനം അഭിവാദനം അഭിവാദനം
സ്വന്തം ചെഞ്ചുടുചോര സമുജ്വലവര്‍ണ്ണം നല്‍കിയ സമരപതാകകൾ
‍അന്തിമനിമിഷം വരേയും കൈകളിലേന്തിയിടുന്നോർ
‍അവരുടെ പേരിൽ ഒത്തൊരുമിച്ചിടിവെട്ടുംപോലൊരു ശബ്ദത്തിൽ പറയുന്നൂ ഞങ്ങൾ
‍മര്‍ത്ത്യനജയ്യൻ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം

മെയ് ദിനമേ,
കുതികൊള്ളിക്കുക നീ ഞങ്ങളെയിനിയും മുന്നോട്ട്
അവികല നൂതനലോകവിധായകമാകും രണശതശോണപദങ്ങളിലൂടെ…

മെയ് ദിനമേ,
ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാൽ
അഭിവാദനം അഭിവാദനം അഭിവാദനം

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here