”ഓർമ്മകളിൽ ഇങ്ങനെയൊക്കെയാണ് അമ്പിളിച്ചേട്ടൻ; ഓർമ്മകളുടെ തുരുത്തിലെ ഒരു ചെറുപച്ച”

‘ഓർമ്മകളിൽ ഇങ്ങനെയൊക്കെയാണ് അമ്പിളിച്ചേട്ടൻ..! അതുകൊണ്ടു തന്നെ അപകടത്തിനു ശേഷം നാളിതുവരെ അദ്ദേഹത്തെ പോയിക്കണ്ടിട്ടില്ല. അവിടത്തെ ഓർമ്മകളുടെ തുരുത്തിൽ ഒരു ചെറുപച്ചയായി ഞാനുമുണ്ടെന്ന തോന്നൽ അങ്ങനെത്തന്നെ നിൽക്കട്ടെ! മറിച്ചൊരനുഭവം ഏറെ വേദനിപ്പിക്കും.അതുകൊണ്ട് .. പച്ചപ്പടർപ്പുകൾ വീണ്ടും ഇടതൂർന്ന്തെളിഞ്ഞുവരും വരെ കാത്തിരിക്കാനാണ് ഇഷ്ടം..!” ജഗതി ശ്രീകുമാറിനെക്കുറിച്ച് സംവിധായകന്‍ പിജി പ്രേംലാല്‍ ഫേസ് ബുക്കിലെ‍ഴുതിയ കുറിപ്പില്‍ നിന്നുള്ള വരികളാണിത്. ഇന്ത്യന്‍ പനോരമയിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച പ്രേംലാലിന്‍റെ ആത്മകഥ എന്ന സിനിമയില്‍ ജഗതിയോടൊപ്പം പ്രവര്‍ത്തിച്ചതിന്‍റെ ഓര്‍മ്മകളാണ് കുറിപ്പില്‍.

പ്രേംലാലിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം:

”ആത്മകഥ’യുടെ ഷൂട്ടിങ് കുട്ടിക്കാനത്തായിരുന്നു. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രമായ പുന്നൂസച്ചനെ അവതരിപ്പിക്കാൻ അമ്പിളിച്ചേട്ടൻ(ജഗതി ശ്രീകുമാർ) എത്തിയത് രണ്ടാഴ്ച കഴിഞ്ഞാണ്. നാലേ നാലു ദിവസത്തെ ഡേറ്റ്! ചേട്ടന്റെ ആദ്യരംഗം ചിത്രീകരിക്കുമ്പോൾ അഭിനയത്തെ സംബന്ധിച്ച് എനിക്ക് ഒരു ‘ഇടപെടൽ’ നടത്തേണ്ടി വന്നു. അതിന്റെയൊരു പശ്ചാത്തലം പറയേണ്ടതുണ്ട് എന്നു തോന്നുന്നു.

സംവിധാനസഹായിയായി പ്രവർത്തിക്കുമ്പോൾ നടന്മാരോട് പ്രത്യേകിച്ച് സീനിയർനടന്മാരോട് സവിശേഷമായ ഭയഭക്തിബഹുമാനങ്ങൾ നമ്മുടെയുള്ളിൽ രൂപപ്പെടും. പിന്നീട് സ്വതന്ത്രസംവിധായകനാകുമ്പോൾ റീടേക്കുകളോ മറ്റോ ആവശ്യമായി തോന്നിയാൽ അത് സീനിയർ നടനോട് ആവശ്യപ്പെടാൻ അല്പം പേടി കലർന്ന ഒരു മടി നമ്മളെ തടഞ്ഞെന്നു വരാം(പല സെറ്റുകളിലും അത്തരം കാഴ്ചകൾ കണ്ടിട്ടുണ്ട്). എന്നാൽ, സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടില്ലാത്തതു കൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു വിഷയം ഉണ്ടായിരുന്നില്ല. അതിനാൽ, ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ശ്രീനിയേട്ടനെപ്പോലൊരു നടന്റെ തോളിൽകയ്യിട്ടുനിൽക്കാൻ ആദ്യ ദിവസം തന്നെ കഴിഞ്ഞിരുന്നു.

പുന്നൂസച്ചൻ താൻ ആദ്യമായി കൊച്ചുബേബിയെ കണ്ടുമുട്ടിയ സന്ദർഭത്തെക്കുറിച്ച് ജയിംസച്ചനോട് പറയുന്ന രംഗമാണ് അമ്പിളിച്ചേട്ടനെ വെച്ച് ആദ്യം ഷൂട്ടു ചെയ്തത്. “ഒരു നാലു കൊല്ലം മുമ്പാ ഞാനവനെ ആദ്യമായിട്ട് കാണുന്നെ ! തെള്ളകം പള്ളീലെ പെരുന്നാളിന്റെയന്ന്..! “. ചേട്ടൻ ആ ഡയലോഗ് പറഞ്ഞപ്പോൾ ഒരു നാടകച്ചുവ മണത്തു. കാര്യം പറഞ്ഞപ്പോൾ “അങ്ങനെയൊരു കുഴപ്പമുണ്ടോ?” എന്ന് അമ്പിളിച്ചേട്ടന് സംശയം. “ഉണ്ട്” എന്ന് ഉറപ്പിച്ചു പറഞ്ഞു. അടുത്ത ടേക്ക്.. ഇപ്രാവശ്യം അഭിനയം കുറച്ചു താഴെപ്പോയി എന്നാണ് തോന്നിയത്. അതും തുറന്നുപറഞ്ഞു.സന്ദേഹത്തോടെയെങ്കിലും അമ്പിളിച്ചേട്ടൻ റീടേക്കിനു തയ്യാറായി. ഇപ്രാവശ്യം ഷോട്ട് ഓക്കെയായി . അമ്പിളിച്ചേട്ടനെ വിളിച്ച് 3 ടേക്കും മോണിറ്ററിൽ കാണിച്ചു കൊടുത്തു.ശ്രദ്ധയോടെ കണ്ടതിനുശേഷം അദ്ദേഹം എന്റെ തോളിൽ കൈവെച്ചു പറഞ്ഞു, “You were right.”

അന്നു രാത്രി മഴ തുടങ്ങി. രണ്ടുനാൾ ക്യാമറ വയ്ക്കാൻ കഴിയാത്ത തരത്തിൽ മഴ! താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ നാടൻ കോഴിക്കറി വയ്ക്കലും പാട്ടുമൊക്കെയായി അമ്പിളിച്ചേട്ടൻ കാര്യങ്ങൾ ഉഷാറാക്കി. എനിക്കാണെങ്കിൽ ആധി മൂത്തു. ചേട്ടൻ അനുവദിച്ച നാലുദിവസങ്ങളിൽ രണ്ടു ദിവസങ്ങൾ ഒലിച്ചുപോവുകയാണ്.എടുത്തു തീർക്കാനാണെങ്കിൽ സീനുകൾ ബാക്കികിടക്കുന്നു..! അമ്പിളിച്ചേട്ടനോടു തന്നെ കാര്യം പറഞ്ഞു. പുള്ളിക്കാരൻ ആരെയൊക്കെയോ വിളിച്ചുസംസാരിച്ചു. കൊണ്ടുപോവാൻ മറ്റു സെറ്റുകളിൽ നിന്നു വന്ന കാറുകൾ ഗസ്റ്റ്ഹൗസിനു പുറത്തു കാത്തുനിൽക്കുമ്പോൾ ഞങ്ങൾ രാവും പകലും ഷൂട്ടു ചെയ്ത് ചേട്ടന്റെ രംഗങ്ങൾ തീർത്തു.

കുറച്ചു നാൾ കഴിഞ്ഞ് എറണാകുളത്ത് വിസ്മയ സ്റ്റുഡിയോയിൽ ഡബ്ബിംഗ് തുടങ്ങി.ഏറ്റവുമൊടുവിലായാണ് അമ്പിളിച്ചേട്ടൻ വരുന്നത്. ‘ഹലോ’ പറഞ്ഞപ്പോൾ എനിക്ക് മദ്യം മണത്തു. പക്ഷേ, എന്റെ ആശങ്കകളെ ഇല്ലാതാക്കി ചേട്ടൻ പുഷ്പം പോലെ ഡബ്ബ് ചെയ്തു. ഡബ്ബു ചെയ്ത ഭാഗങ്ങൾ കാണാൻ വേണ്ടി കൺസോളിൽ ഇരുന്ന ചേട്ടൻ പറഞ്ഞു, “പടം തുടക്കം മുതലേയിട്ടോ. ഒരു പത്തു മിനിറ്റ് സമയമുണ്ട്”. അവിടെയിരുന്നത് പക്ഷേ രണ്ടേകാൽ മണിക്കൂർ നേരം! ഇടയ്ക്ക് പറഞ്ഞു, “ഇക്കണ്ടകാലം ഒരുമിച്ചഭിനയിച്ചിട്ടും ശ്രീനിവാസൻ ഇത്ര നന്നായി അഭിനയിക്കുമെന്ന് ഇപ്പോഴാണ് മനസ്സിലായത് “. അക്കാര്യം പിന്നീട് ശ്രീനിയേട്ടനോട് പറഞ്ഞപ്പോൾ ആ കണ്ണുകളിലുണ്ടായ അഭിമാനത്തിന്റെ തിളക്കം ഇപ്പോഴും ഓർക്കുന്നു.ഗോലിസോഡയും പാട്ടുപുസ്തകവും തറ ടിക്കറ്റുമൊക്കെയുള്ള പഴയകാല സിനിമാക്കൊട്ടകയിൽ ‘ഓടയിൽ നിന്ന് ‘ എന്ന സത്യൻമാഷുടെ സിനിമ കണ്ടുകൊണ്ടിരിക്കേ കൊച്ചുബേബിയുടെ കാഴ്ച നഷ്ടപ്പെടുന്ന രംഗം എത്തിയപ്പോൾ അമ്പിളിച്ചേട്ടൻ പറഞ്ഞു, “ഞങ്ങളെപ്പോലുള്ളവർക്ക് ഈ സീനൊക്കെ ഉണ്ടാക്കുന്ന നൊസ്റ്റാൾജിയയുടെ ഫീൽ എന്തുമാത്രമെന്ന് അറിയാമോ പ്രേംലാൽ ?! വളരെ നാച്വറൽ ആയിരിക്കുന്നു..!”

സിനിമയിറങ്ങി നാലഞ്ചു മാസം കഴിഞ്ഞു. ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെ പട്ടിക പുറത്തുവന്ന നാൾ ദുബായിൽ ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് മേക്കപ്പ്മാൻ ശ്രീജിത്ത്ഗുരുവായൂരിന്റെ ഫോൺ. അവൻ ഫോൺ ആർക്കോ കൈമാറുന്നു.”ഹലോ.. ഞാൻ ജഗതി ശ്രീകുമാർ. Hearty congratulations. We deserve it “.
ആ ‘we’ പ്രയോഗം ഹൃദയത്തിൽ ഇന്നും സന്തോഷത്തോടെ കൊണ്ടുനടക്കുന്നു.

ഒന്നരവർഷം കഴിഞ്ഞു കാണും. പുതിയ സിനിമയുടെ ചർച്ചകളുമായി ബന്ധപ്പെട്ട് നിർമ്മാതാവിനോടും ക്യാമറാമാനോടുമൊക്കെയൊപ്പം തൃശൂർ എലൈറ്റ് ഹോട്ടലിൽ ഇരിക്കുകയാണ്. അപ്പോൾ ആരോ പറഞ്ഞു, താഴത്തെ നിലയിലെ കോൺഫറൻസ് ഹാളിൽ അമ്പിളിച്ചേട്ടൻ എത്തിയിരിക്കുന്നു, ഏതോ പുസ്തക പ്രകാശനം. ഞാൻ ആവേശത്തോടെ താഴേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ ക്യാമറമാൻ സമീർ ചോദിച്ചു, “എങ്ങോട്ടാ ?”
വർഷങ്ങളോളം അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നിരിക്കണം പുള്ളി ചില കാര്യങ്ങൾ പറഞ്ഞു. അതായത്, അമ്പിളിച്ചേട്ടൻ എത്രയെത്ര സിനിമകൾ, എത്രയെത്ര സംവിധായകരോടൊപ്പം ചെയ്തിരിക്കുന്നു… എത്രയെത്ര മുഖങ്ങൾ അദ്ദേഹം കണ്ടുമറന്നിരിക്കുന്നു … നമ്മുടെ പരിചയം വെറും നാലുദിവസത്തെ മാത്രം! പെട്ടെന്ന് കണ്ടാൽ… ഓർമ്മ വരണമെന്നില്ല, അത് നമ്മുടെ മനസ്സിലുണ്ടാകണം!

ആവേശമടക്കി മെല്ലെ ഞങ്ങൾ മുറിയ്ക്കു പുറത്തിറങ്ങി. പടികളിറങ്ങിച്ചെല്ലുമ്പോൾ കാണാം, താഴത്തെ നിലയുടെ ഇടനാഴിയുടെ അങ്ങേയറ്റത്ത്, ആരാധകർക്കു നടുവിൽ അമ്പിളിച്ചേട്ടൻ. ഒരു നിമിഷം… ആകസ്മികമായി തലയുയർത്തി ചേട്ടൻ ഞങ്ങളെ നോക്കി. പിന്നെ, അടുത്ത നിമിഷം കൈ ഉയർത്തി, “ഹലോ.. പ്രേംലാൽ ” എന്നു വിളിച്ചു. നിറഞ്ഞുതുളുമ്പിയ മനസ്സോടെ അടുത്തേക്കു ചെന്നു. കൂടിനിന്നവരോടായി അദ്ദേഹം എന്നെ പരിചയപ്പെടുത്തി.. നല്ല വാക്കുകൾകൊണ്ട് ഹൃദയത്തെ തൊട്ടുഴിഞ്ഞു !

ഓർമ്മകളിൽ ഇങ്ങനെയൊക്കെയാണ് അമ്പിളിച്ചേട്ടൻ..! അതുകൊണ്ടു തന്നെ അപകടത്തിനു ശേഷം നാളിതുവരെ അദ്ദേഹത്തെ പോയിക്കണ്ടിട്ടില്ല. അവിടത്തെ ഓർമ്മകളുടെ തുരുത്തിൽ ഒരു ചെറുപച്ചയായി ഞാനുമുണ്ടെന്ന തോന്നൽ അങ്ങനെത്തന്നെ നിൽക്കട്ടെ! മറിച്ചൊരനുഭവം ഏറെ വേദനിപ്പിക്കും.അതുകൊണ്ട് .. പച്ചപ്പടർപ്പുകൾ വീണ്ടും ഇടതൂർന്ന്തെളിഞ്ഞുവരും വരെ കാത്തിരിക്കാനാണ് ഇഷ്ടം..!

തിലകൻ ചേട്ടൻ, കുതിര വട്ടം പപ്പുച്ചേട്ടൻ, സുകുമാരിച്ചേച്ചി… കരിയർ അവസാനിക്കുമ്പോൾ ഈ പ്രതിഭകളെയൊന്നും എന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിഞ്ഞില്ല എന്ന നിസ്സാരമല്ലാത്ത ഖേദം ബാക്കിയാകും. പക്ഷേ.. അതിനെ മറികടക്കാൻ അമ്പിളിച്ചേട്ടനെ ഞാൻ അഭിനയിപ്പിച്ചിട്ടുണ്ട് എന്ന വലിയ ആഹ്ളാദം കൂടെയുണ്ട്.

അനന്തേട്ടന്റെ എഴുത്ത് വായിച്ചപ്പോൾ എന്റെ അമ്പിളിക്കലയുടെ പ്രകാശവും പങ്കിടണമെന്നു തോന്നി. എല്ലാവരുടെയും അമ്പിളി വീണ്ടും ഉദിച്ചുയരട്ടെ!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News