താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. ചീരാന്‍ കടപ്പുറം മുഹിയുദ്ദീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്.

കെ എല്‍ 46 എല്‍ 5568 രജിസ്‌ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് രണ്ട് വാള്‍, നാല് സ്റ്റീല്‍ റാഡ് എന്നിവ കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കാണാനായത്. ആയുധങ്ങളും, വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.

കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിടുന്നുവെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതായി പൊലീസ് പറഞ്ഞു. തൃശൂര്‍ ഇരിങ്ങാലക്കുട രജിസ്‌ട്രേഷനിലുള്ള വാഹനമായതിനാല്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

വാഹന ഉടമയെ കണ്ടെത്തിയാല്‍ മാത്രമേ കേസിന് തുമ്പുണ്ടാക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. 60 സെന്റീമീറ്റര്‍ നീളത്തിലാണ് രണ്ടു വാളുകള്‍. 58 സെന്റീമീറ്റര്‍ നീളമുണ്ട് സ്റ്റീല്‍ റാഡുകള്‍ക്ക്. സംഭവമറിഞ്ഞ് നിരവധി പേരാണ് ചീരാന്‍കടപ്പുറത്തെത്തിയത്.

തീരദേശത്തെ സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും, വിശദമായ അന്വേഷണം നടത്തണമെന്നും സിപിഐ എം തീരദേശ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മാര്‍ച്ച് നാലിന് രാത്രിയില്‍ മുസ്ലിം ലീഗ് അക്രമികള്‍ ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി കെ പി ഷംസു അടക്കമുള്ള മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചത് ചീരാന്‍കടപ്പുറത്തിനപ്പുറം അഞ്ചുടിയില്‍ വച്ചായിരുന്നു. തീരദേശത്തെ കലുഷിതമാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News