പെരുമാറ്റചട്ട ലംഘനം; മോദിക്കും അമിത് ഷായ്ക്കുമെതിരെയുള്ള പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണം; തീരുമാനം ഒന്‍പത് പരാതികളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുയെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളില്‍ തിങ്കളാഴ്ചക്ക് അകം തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം. ബുധനാഴ്ച വരെ സമയം നല്കണം എന്ന കമ്മീഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. 9 പരാതികളിലാണ് ഇനി തീരുമാനം എടുക്കാന്‍ ബാക്കിയുള്ളത്.

പെരുമാറ്റ ചട്ട ലംഘനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ഹര്‍ജി വീണ്ടും പരിഗണിക്കുന്ന തിങ്കളാഴ്ചയ്ക്ക് അകം ഇരുവര്‍ക്കുമെതിരെ ബാക്കിയുള്ള 9 പരാതികളില്‍ തീരുമാനം എടുക്കാന്‍ ആണ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസ് 11 പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഇതില്‍ പ്രധാനമന്ത്രിയുടെ ലത്തൂരിലെയും, വര്‍ദ്ധയിലെയും പ്രസംഗങ്ങള്‍ സംബന്ധിച്ച പരാതികളില്‍ തീരുമാനം എടുത്തതായി കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ബാക്കി പരാതികള്‍ പരിശോധിക്കാന്‍ ദിവസേന യോഗം ചേരുന്നുണ്ടെന്നും പരാതികളില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെയ് 8 വരെ സമയം വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആവശ്യം കോടതി തള്ളി. ഏപ്രില്‍ 1ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് 16ആം തീയതിയാണ് പരാതി ലഭിച്ചതെന്ന് നടപടികള്‍ വൈകുന്നതിന് വിശദീകരണമയി കമ്മീഷന്‍ കോടതിയെ അറിയിച്ചു.

സൈന്യത്തിന്റെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിച്ചു മാതൃക പെരുമാറ്റ ചട്ട ലംഘനം നടത്തിയ മോദിക്കും അമിത് ഷായ്ക്കും എതിരെ നടപടി എടുക്കാന്‍ കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News