
തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ എന്‍ഡിഎയിലെ പൊട്ടിത്തറി പുറത്തേക്ക്. വയനാട് മണ്ഡലത്തില്‍ ബിജെപി കാലുവാരിയെന്ന ആരോപണവുമായി ബിഡിജെഎസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തി.
മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി എത്തിയത് മുതല്‍ പലയിടത്തായി ബിജെപിയും ബിഡിജെഎസും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു.
ഇത് വോട്ടെടുപ്പ് ദിവസത്തിലടക്കം പ്രകടമായി. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി ബിജെപിക്കെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തി.
തെരഞ്ഞെടുപ്പിന്റെ ആദ്യവസാനം ബിജെപി തങ്ങളെ വഞ്ചിച്ചതായി ഷാജി മാധ്യമങ്ങളിലൂടെ തുറന്നടിച്ചു.
‘വയനാട് മണ്ഡലത്തില്‍ എന്‍ഡിഎ സംവിധാനം പൂര്‍ണ പരാജയമായിരുന്നു.
വോട്ട് കുറഞ്ഞാല്‍ പൂര്‍ണ ഉത്തരവാദിത്തം ബിജെപി നേതാക്കള്‍ക്കായിരിക്കും. സ്ഥാനാര്‍ഥിയുടെ ചിഹ്നം താമര അല്ലാത്തതുകൊണ്ടുതന്നെ ‘കുടം’ വോട്ടര്‍മാരില്‍ നല്ല രീതിയില്‍ പരിചയപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യം തുടക്കം മുതല്‍ തന്നെ എന്‍ഡിഎ യോഗങ്ങളിലും ബിജെപി നേതാക്കളോടും ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവിക്കൊണ്ടില്ല.
അമിത് ഷാ ഉള്‍പ്പെടെ പരമാവധി ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിക്കാനായിരുന്നു തുടക്കത്തിലുണ്ടാക്കിയ തീരുമാനം. അതുണ്ടായില്ല. സ്മൃതി ഇറാനി റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിര്‍മല സീതാരാമനെ കൊണ്ടുവന്നുവെന്നു മാത്രം’– ഷാജി പറഞ്ഞു.
തെരഞ്ഞെടുപ്പ് പര്യടനം പലയിടത്തും പ്രഹസനമായത് നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിന് കാരണമായി. പരിപാടികള്‍ക്കിടെ വേദിയില്‍നിന്നും തുഷാര്‍ ഇറങ്ങിപ്പോയതും ബിജെപിയില്‍ എതിര്‍പ്പിന് കാരണമായി.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തുഷാറിനെതിരെ ക്യാമ്പയിന്‍ നടന്നു. പാര്‍ടിയുടെ മുഴുവന്‍ വോട്ടും തുഷാര്‍വെള്ളാപ്പള്ളിക്ക് ലഭിച്ചില്ലെന്നത് ബിജെപി നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. താമര ചിഹ്നം ഇല്ലാത്തതുകൊണ്ടുതന്നെ കുറെ വോട്ട് രാഹുല്‍ഗാന്ധിക്ക് പോയി. ഇതിനെ മറികടക്കുന്നതിന് ബിജെപിയുടെ നിസ്സഹകരണം തുറന്ന് പറഞ്ഞ് ഒരുമുഴം മുമ്പെ എറിയുകയാണ് ബിഡിജെഎസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here