അമ്പാടി വിശ്വം അസാമാന്യ ധീരതയുടെയും വളയാത്ത കരുത്തിന്റെയും ചുരുക്കപ്പേര് ; എം എം ലോറൻസ്‌

 എം എം ലോറന്‍സ്

അടുപ്പക്കാര്‍ക്കിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ട വി വിശ്വനാഥമേനോന്‍ അസാമാന്യ ധീരതയുടെയും വളയാത്ത കരുത്തിന്റെയും ചുരുക്കപ്പേരായിരുന്നു.

തറവാട്ടു പേരും മികച്ച വിദ്യാഭ്യാസവും ചെറുപ്പത്തിലേ ശ്രദ്ധേയനാക്കി. കോണ്‍ഗ്രസിന്റെയും മഹാത്മജിയുടെയും കറതീര്‍ന്ന ആരാധകനായ അച്ഛന്റെ മകനെ ആ വഴിതന്നെ ആവേശംകൊള്ളിച്ചത് സ്വാഭാവികം.ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. സഖാക്കള്‍ക്കുപരി എല്ലാം സംസാരിക്കാവുന്നത്ര അടുപ്പമുണ്ടായ സൗഹൃദം.

വിശ്വം പാര്‍ടിയില്‍നിന്ന് ഒരുവേള അകന്നപ്പോഴും ഞങ്ങള്‍ ഇരുവരും സ്‌നേഹം കാത്തുസൂക്ഷിച്ചു. സ്വന്തം നിലപാടുകള്‍ എന്തായാലും കൂട്ടായി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും പ്രാമുഖ്യംനല്‍കി.

ഇടപ്പള്ളി സംഭവം തൊട്ട് ഞങ്ങള്‍ക്കെല്ലാം അത് ബോധ്യപ്പെട്ടതാണ്. റെയില്‍വേ പണിമുടക്ക്. അത് വിജയിപ്പിക്കാന്‍ പാര്‍ടി ജനറല്‍ സെക്രട്ടറി ബി.ടി.ആറിന്റെ ആഹ്വാനം.

ഇതേപ്പറ്റി ആലോചിക്കാന്‍ ഇടപ്പള്ളി പോണേക്കരയില്‍ യോഗം. ഞങ്ങള്‍ക്ക് ആര്‍ക്കും സ്ഥലം പരിചയമില്ല. അതൊക്കെ തിരുവിതാംകൂറിന്റെ ഭാഗമാണ്. ഞങ്ങള്‍ കൊച്ചിക്കാരും. കെ സി മാത്യുവായിരുന്നു യോഗം വിളിച്ചത്.

നോര്‍ത്ത് സ്റ്റേഷനിലെത്തി. ചായ കഴിച്ചപ്പോ വണ്ടിക്ക് കാശില്ല. ഇടപ്പള്ളിയിലേക്ക് കള്ളവണ്ടി കയറി. സ്റ്റേഷനിലെത്തിയപ്പോള്‍ വടക്ക് വശത്ത് ഇറങ്ങി പുറത്തേക്ക് നടന്നു.

ഒരാള്‍ വന്ന് കൊണ്ടുപോയി. അവിടെ കെ സി മാത്യുവും കുറേപേരുമുണ്ട്. മാത്യു പറഞ്ഞു: രണ്ട് സഖാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്്.

ഇടപ്പള്ളി സ്റ്റേഷനിലാണവര്‍. ഒരാളെ കൊന്നെന്നാണ് കേള്‍ക്കുന്നത്. ജീവിച്ചിരിക്കുന്ന സഖാവിനെ മോചിപ്പിക്കണം. നിര്‍ദേശം വിഡ്ഢിത്തമാണെന്നാണ് എനിക്ക് തോന്നിയത്.

വിശ്വനാഥമേനോനോട് പറഞ്ഞു; സ്റ്റേഷന്‍ പരിചയമില്ല. എത്ര പൊലീസുകാരുണ്ടെന്നോ, എത്ര തോക്കുണ്ടെന്നോ അറിയില്ല. വഴി പിടിയില്ല. ഈ സാഹചര്യത്തില്‍ തീരുമാനം അബദ്ധമാകുമെന്നാണ് തോന്നുന്നത്.

കൈയിലെ ആയുധം മൂന്ന് കൈബോബും നാല് വാക്കത്തിയും കുറച്ച് മുളവടിയും. ഞാന്‍ ആശങ്ക പങ്കുവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വം തടഞ്ഞു. ഇപ്പോള്‍ പറഞ്ഞാല്‍ ഭീരുത്വമാണെന്ന് തോന്നും. ചാവാന്‍ ഒരുങ്ങിയതല്ലേ. നോക്കാം.

അങ്ങനെയാണ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പോവുന്നത്. കെ സി മാത്യുവായിരുന്നു ലീഡര്‍. 17 പേര്‍ വെളുപ്പാന്‍ കാലത്ത് രണ്ടുമണിക്ക് ജാഥയായിട്ടാണ് പോയത്.

കാവല്‍പൊലീസുകാരന്‍ ബൈനറ്റ് ഘടിപ്പിച്ച തോക്കുകൊണ്ട് ഒരാളെ കുത്തി. കൊണ്ടില്ല. രണ്ടാമത് കുത്താന്‍ പോയപ്പോള്‍ മാത്യു പിടിച്ചു. കൈ മുറിഞ്ഞു. ആരോ കാവല്‍ക്കാരനെ അടിച്ചിട്ടു.

അകത്ത് കയറിയപ്പോള്‍ പൊലീസുകാരില്‍ പലരും ഓടി.ചിലര്‍ക്ക് അടി കൊണ്ടു. വേലായുധന്‍ എന്ന പൊലീസുകാരനുണ്ടായിരുന്നു. ജനദ്രോഹി.ഖദര്‍ ജുബ്ബയിട്ട് സിഐഡിയായി നടന്ന് ആളുകളെ കമ്യൂണിസ്റ്റാണെന്ന് മുദ്രകുത്തി.

ഭീഷണിപ്പെടുത്തി കാശുവാങ്ങന്നവന്‍. അയാളും അടികൊണ്ട് വീണു. അവര്‍ രണ്ടുപേരും മരിച്ചുപോയി. സ്റ്റേഷന്‍ ആക്രമണം 15 മിനിറ്റെടുത്തു. ലോക്കപ്പില്‍ അവര്‍ രണ്ടുപേരുമുണ്ട്.

ആരും മരിച്ചിട്ടില്ല. ലോക്കപ്പ് തുറക്കാന്‍ താക്കോല്‍ കിട്ടിയില്ല. ചാഞ്ചന്‍ എന്ന സഖാവ് കരുത്തനാണ്. തോക്കിന്‍ പട്ടകൊണ്ട് അഴിയില്‍ ഇടിച്ചു. ‘ശബ്ദംകേട്ട് ചുറ്റുപാടുള്ള വീട്ടുകാര്‍ ലൈറ്റിട്ടു. കുഴപ്പം മണത്ത് ഓഫാക്കി.

ഫോണ്‍ തുടക്കത്തിലേ കട്ടു ചെയ്തിരുന്നു. വയര്‍ലസ് അന്നുണ്ടായിരുന്നില്ല. മറ്റു പൊലീസുകാര്‍ വരുമെന്ന് കരുതി 15 മിനുറ്റിനകം പിന്മാറി. ലോക്കപ്പ് തുറക്കാന്‍ കഴിഞ്ഞില്ല. എത്ര അടിച്ചിട്ടും.

അന്നെത്തെ സാഹചര്യം മനസിലാക്കണം. പാര്‍ടിക്കെതിരെ വ്യാപക മര്‍ദനം. സഖാക്കളെ കാരണമില്ലാതെ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതക്കുക. വീട്ടില്‍ കയറി മര്‍ദിക്കുക.

നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും. മട്ടാഞ്ചേരിയിലെ സ്റ്റുഡന്‍സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായ ശ്രീനിവാസന്‍. അവന്‍ പഠിക്കുകയാണ്. വീട്ടില്‍ കയറി അമ്മയുടെ മുന്നില്‍വെച്ചാണ് ക്രൂരമായി മര്‍ദിച്ചത്.

അതൊക്കെ ഞങ്ങളില്‍ വലിയ രോഷമുണ്ടാക്കി. ആ പശ്ചാത്തലംകൂടി സ്റ്റേഷന്‍ ആക്രമിക്കാനുള്ള പ്രചോദനമായി. ഇതിലെല്ലാം വിശ്വം അസാമാന്യ ധീരതയും ദീര്‍ഘവീക്ഷണവും പ്രകടിപ്പിച്ചിരുന്നു.

മരിച്ചാലും മായാത്ത നിരവധി ഉജ്വല മുഹൂര്‍ത്തങ്ങള്‍ മനസില്‍ അവശേഷിപ്പിച്ചാണ് ആ വിടവാങ്ങല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News