അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത് രണ്ട് മുന്‍മുഖ്യമന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും

തിങ്കളാഴ്ച്ച നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ രണ്ട് മുന്‍മുഖ്യമന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരുമാണ് ജാര്‍ഖണ്ഢില്‍ നിന്നും മത്സരിക്കുന്നത്.

പിന്നോക്ക സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ നിന്നും ജനവിധി തേടുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ് സമ്പത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ കോടീശ്വര സ്ഥാനാര്‍ത്ഥി.

ദളിത് വിഷയങ്ങളും വികസനങ്ങളും ജാതിയും ചര്‍ച്ചയായ പ്രചാരണത്തില്‍ മഹാസഖ്യവും ബിജെപിയും ഒരു പോലെ പ്രതീക്ഷയര്‍പ്പിക്കുന്നു.

പതിനാല് ലോക്‌സഭ മണ്ഡലം.സംസ്ഥാനം രൂപീകരിച്ചത് മുതല്‍ ജാര്‍ഖണ്ഢ് മുക്തി മോര്‍ച്ചയും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനം.

രണ്ട് മുന്‍ മുഖ്യമന്ത്രിമാരും രണ്ട് കേന്ദ്രമന്ത്രിമാരും അഞ്ചാം ഘട്ടത്തില്‍ ജാര്‍ഖണ്ഢില്‍ നിന്നും ജനവിധി തേടുന്നു.

അത് കൊണ്ട് തന്നെ ഇത്തവണ ജാര്‍ഖണ്ഢില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം നിയമസഭ തിരഞ്ഞെടുപ്പിനെക്കാള്‍ ചൂടേറി.ആകെ നാല് സീറ്റുകളിലാണ് തിങ്കളാഴ്ച്ച വോട്ടെടുപ്പ്.

കൊന്ദാര്‍മ്മ മണ്ഡലത്തില്‍ സിറ്റിങ്ങ് എംപിയെ മാറ്റിയ ബിജെപി, ആര്‍ജെഡി മുന്‍ സംസ്ഥാന അദ്ധ്യക്ഷയും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ എത്തുകയും ചെയ്ത അന്‍പൂര്‍ണ ദേവിയെ സ്ഥാനാര്‍ത്ഥിയാക്കി. എതിരിടാന്‍ മഹാസഖ്യ സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി രംഗത്ത് എത്തിയതോടെ മത്സരം തീപാറും.

പ്രധാനപ്പെട്ട മണ്ഡലമായ റാഞ്ചിയില്‍ സീറ്റ് ലഭിക്കാത്ത സിറ്റിങ്ങ് എം.പി ബിജെപിക്കെതിരെ റിബലായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.മുന്‍ കേന്ദ്രമന്ത്രി സുബോദ് കാന്ത് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ബിജെപി മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ ഖുന്തിയില്‍ നിന്നും ഇത്തവണ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്നു. സംസ്ഥാന രാഷ്ട്രിയം വിട്ട് ദേശിയ രാഷ്ട്രിയത്തിലേയ്ക്കുള്ള പ്രഥമ ചുവട് വയ്പ്പ് നടത്തുന്ന അര്‍ജുന്‍ മുണ്ടെയ്ക്കായി പാര്‍ടി സംവിധാനം ഒന്നടങ്കം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു.നരേന്ദ്രമോദിയുടെ വിമര്‍ശകനായ മുന്‍ ബിജെപി കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ മൂന്ന് തവണ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച ഹസാരിബാഗാണ് ജാര്‍ഖണ്ഢില്‍ നിന്നും പ്രധാനപ്പെട്ട മറ്റൊരു മണ്ഡലം.അച്ഛന്‍ മോദി വിമര്‍ശകനാണെങ്കിലും മകനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹ ഇത്തവണയും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു.

സമ്പത്ത് കൊണ്ട് രാജ്യത്തെ കോടിപതിയായ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയാണ് ജയന്ത് സിന്‍ഹ. ഇടത്പക്ഷത്തിന് വേരോട്ടമുള്ള മണ്‌ലമായ ഹസാരിബാഗില്‍ സിപിഐ സ്ഥാനാര്‍ത്ഥിയും മത്സര രംഗത്ത് ഉണ്ട്. തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കുന്ന നാല് മണ്ഡലത്തിലും 2014ല്‍ ബിജെപിയാണ് വിജയിച്ചത്.

പക്ഷെ ഏറ്റവും പുതിയ സര്‍വ്വേകള്‍ പ്രകാരം കൊന്ദാര്‍മ്മയും റാഞ്ചിയും മഹാസഖ്യം പിടിച്ചെടുക്കും. ഖുന്തിയിലും ഹസാരിബാഗിലുമാണ് ബിജെപി പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News