ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട്; കണ്ണൂര്‍ കലക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു

പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ തെളിവെടുപ്പ് ആരംഭിച്ചു.

പരാതി നല്‍കിയ എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു. പാമ്പുരുത്തിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166 ആം നമ്പര്‍ ബൂത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു കൈരളി ന്യൂസ് പുറത്ത് വിട്ടത്.

വിദേശത്തുള്ള 28 പേരുടെ വോട്ടുകള്‍ ലീഗ് പ്രവര്‍ത്തകര്‍ ചെയ്തു എന്ന് എല്‍ഡിഎഫും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ജില്ല കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി നടപടികള്‍ ആരംഭിച്ചത്.

തെളിവെടുപ്പിന്റെ ഭാഗമായി ബൂത്ത് ലവല്‍ ഓഫീസര്‍, പ്രിസൈഡിങ്ങ് ഓഫീസര്‍, പോളിങ്ങ് ഓഫീസര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ലീഗ് കള്ളവോട്ടിനെതിരെ പരാതി നല്‍കിയ ബൂത്ത് ഏജന്റുമാരെയും വിളിച്ചു വരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

ബൂത്ത് ഏജന്റുമാരായ മുഹമ്മദ് കുഞ്ഞി സി കെ, സഫീര്‍ വി കെ എന്നിവരാണ് കളക്ടറുടെ ചേംബറില്‍ എത്തി വിവരങ്ങള്‍ കൈമാറിയത്. കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ ഉള്ള ലീഗ് പ്രവര്‍ത്തകരേയും തെളിവെടുപ്പിനായി വിളിപ്പിക്കും.

വൈകാതെ തന്നെ ജില്ലാ കലക്റ്റര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പിക്കും.ലീഗ് പ്രവര്‍ത്തകരായ അനസ് കെ,മുബഷീര്‍,മുസ്തഫ,മര്‍ഷാദ് കെ,സാദിക്ക് എന്നിവര്‍ കള്ള വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News