മോദിക്ക് ക്ലീന്‍ചിറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത. സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിനും, വയനാട് മണ്ഡലത്തെ മുസ്ലീം മണ്ഡലമായി ചിത്രീകരിച്ചതിലും ക്ലീന്‍ചിറ്റ് നല്‍കുന്നതിനെ കമ്മീഷന്‍ അംഗം എതിര്‍ത്തു. ഭൂരിപക്ഷം പരിഗണിച്ചാണ് പെരുമാറ്റ ചട്ട ലംഘനം മോദി നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

കന്നിവോട്ടര്‍മാര്‍ സൈന്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ച ഏപ്രില്‍ 9ലെ ലാത്തൂരിലെ പ്രസംഗം, വയനാടിനെ മുസ്ലീം മതത്തിന്റെ പേരില്‍ വിഭജിച്ച് ഏപ്രില്‍ 1ന് വദ്രയില്‍ നടത്തിയ പ്രസംഗം എന്നിവയില്‍ മോദി പെരുമാറ്റചട്ടം ലംഘിച്ചെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരംഗം ചൂണ്ടികാട്ടിയത്. എന്നാല്‍ മറ്റ് രണ്ട് അംഗങ്ങള്‍ മോദിയ്ക്ക് ക്ലീന്‍ ചീട്ട് നല്‍കണമെന്ന് നിലപാട് എടുത്തു.

അഭിപ്രായ ഭിന്നത രൂക്ഷമായതിനാല്‍, ഭൂരിപക്ഷ അഭിപ്രായത്തില്‍ മോദി പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ചട്ട പ്രകാരം തീരുമാനം ഏകകണ്ഡഠമാകണം. അഭിപ്രായ ഐക്യ വന്നില്ലെങ്കില്‍ മാത്രം ഭൂരിപക്ഷ നിലപാടിന് അംഗീകാരം നല്‍കാമെന്ന് തിരഞ്ഞെടുപ്പ് ചട്ടം പത്ത് പറയുന്നു. അപൂര്‍വ്വമായി മാത്രമേ ഈ ചട്ടം ഉപയോഗിക്കാറുള്ളു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷന്‍ അംഗങ്ങളായ അശോക് ലാവാസ്,സുശീല്‍ ചന്ദ്ര എന്നിവരില്‍ ആരാണ് മോദി പ്രസംഗത്തെ എതിര്‍ത്തതെന്ന് വ്യക്തമല്ല.

അതേസമയം, ആണവായുധം ദീപാവലിയ്ക്ക് പൊട്ടിക്കാനല്ലന്ന പ്രസ്ഥാവനയ്ക്ക് എതിരായ പെരുമാറ്റചട്ട പരാതി കമ്മീഷന്‍ അംഗങ്ങള്‍ ഒരുമിച്ചാണ് തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ പരാതികളില്‍ ഇരുവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയ കമ്മീഷന്‍ നടപടിയില്‍ വ്യാപക എതിര്‍പ്പ് ഉയരുമ്പോഴാണ്, കമ്മീഷനുള്ളിലെ അഭിപ്രായ ഭിന്നത പുറത്ത് വന്നിരിക്കുന്നത്. കമ്മീഷന്‍ മോദിയുടെ കളിപാവയാണന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here