കെഎസ്ആര്‍ടിസി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന വിധി നടപ്പാക്കാൻ മെയ് 15 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചു.

കെഎസ്ആര്‍ടിസി നൽകിയ ഉപഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.1885 താൽക്കാലികക്കാരെ ഏപ്രിൽ 30 നകം പിരിച്ചുവിടാനായിരുന്നു ഉത്തരവ്.

2013 ലെ പിഎസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.പി എസ് സി റാങ്ക് പട്ടിക നിലവിലുള്ളപ്പോൾ താല്ക്കാലിക നിയമനം അംഗീകരിക്കാനാകില്ല എന്നായിരുന്നു കോടതി നിലപാട്.

നേരത്തെ എം പാനൽ കണ്ടക്ടർമാരുടെ കാര്യത്തിൽ എടുത്ത അതേ നിലപാട് ഹൈക്കോടതി ആവർത്തിക്കുകയായിരുന്നു. ഏപ്രിൽ 30നകം താല്ക്കാലികക്കാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സ്ഥിരം തസ്തികയിലേക്കില്ല എം പാനൽ ഡ്രൈവർമാരെ നിയമിച്ചതെന്നും താല്ക്കാലിക നിയമനത്തിന് കെ എസ് ആർ ടി സിക്ക് അധികാരമുണ്ട് എന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.

ഇത്തരത്തിൽ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വിധി നടപ്പാക്കുന്നത് നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ ഉപഹർ ജിയും സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് വിധി നടപ്പാക്കാൻ ഈ മാസം 15 വരെ ഹൈക്കോടതി സാവകാശം അനുവദിച്ചത്.