പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന സിനിമയായ ഉയരെ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്.

ഒരു പ്രതിസന്ധി ഘട്ടത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചകളാണ് പാര്‍വതിയിലൂടെ, നവാഗത സംവിധായകനായ മനു അശോകന്‍ പറയുന്നത്.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ കുടുംബത്തില്‍ നിന്നുള്ള പുതുതലമുറയായ എസ് ക്യൂബ് സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ നിര്‍മ്മാണസംരംഭം കൂടിയാണ് ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ പിവി ഗംഗാധരന്റെ മൂന്ന് പെണ്‍മക്കളായ ഷെനുഗ, ഷേഗ്ന, ഷെര്‍ഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്.

പി.വി ഗംഗാധരന്‍ തന്നെയാണെന്ന് നിര്‍മ്മാണ രംഗത്തേക്ക് കടക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഷെനുഗയും ഷേഗ്നയും ഷെര്‍ഗയും പറയുന്നു.

ബോബിയും സഞ്ജയും പറഞ്ഞ കഥ ഇഷ്ടപ്പെട്ടപ്പോള്‍ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആസിഡ് ആക്രമണം പോലെ സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടി വരുന്ന ഈ കാലഘട്ടത്തില്‍, അതിജീവനത്തിന്റെ സന്ദേശം പറയുന്നത് ഏറെ പ്രാധാന്യമുള്ളൊരു വിഷയമാണെന്ന് തോന്നിയത് കൊണ്ടാണ് ചിത്രം ചെയ്തതെന്നും ഇവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.


പാര്‍വ്വതി, ആസിഫ്, ടോവിനോ, സിദ്ധിഖ്, അനാര്‍ക്കലി മരിക്കാര്‍, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.