ദില്ലി: പ്രശസ്ത സിനിമ താരവും ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തും.
രാജ്യത്തിന്റെ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്നത് സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന എന്‍ആര്‍ഐ പ്രധാനമന്ത്രിയുടെ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു,
സ്ഥാനര്‍ത്ഥിയായി മത്സരിച്ച ബാംഗ്ലൂര്‍ സെന്‍ട്രലില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി തുടരാന്‍ തന്നെയാണ് പ്രകാശ് രാജിന്റെ തീരുമാനം. ബേഗുസരായിയില്‍ ജെഎന്‍യു യൂണിയന്‍ മുന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് വേണ്ടി വേണ്ടി വോട്ടു പിടിച്ച പ്രകാശ് രാജ് ഇനിയുള്ള ദിവസങ്ങളില്‍ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയുടെ താര പ്രചാരകനാണ് തീരുമാനിച്ചിരിക്കുന്നത്.
താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നല്ല. എന്നാല്‍ പ്രവൃത്തിയിലും ആശയത്തിലും ആം ആദ്മികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനാലാണ് ആം ആദ്മിക്ക് വേണ്ടി പ്രചരണത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം എന്ന് പ്രകാശ് രാജ് പറഞ്ഞു.
അഞ്ചു വര്‍ഷത്തെ ബിജെപി ഭരണം അവസാനിക്കേണ്ടതുണ്ട്. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രകാശ് രാജ് ഇന്ത്യയ്ക്ക് ലഭിച്ചത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന എന്‍ആര്‍ഐ പ്രധാനമന്ത്രിയെ ആണെന്നും പരിഹസിച്ചു.
ചോദ്യങ്ങള്‍ക്ക് മറുചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടയുള്ള മേഖലകളില്‍ മാതൃകാപരമായ ചുമതലകള്‍ നിറവേറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലെ 7 ലോക്‌സഭാ സീറ്റുകളിലുമായി മെയ്യ് 10 വരെ പ്രകാശ് രാജ് ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. ദക്ഷിണേന്ത്യക്കാര്‍ താമസിക്കുന്ന മേഖലകളില്‍ പ്രകാശ് രാജിന്റെ പ്രചാരണം ഗുണം ചെയ്യുമെന്നാണ് ആം ആദ്മി പാര്‍ട്ടി വിലയിരുത്തല്‍.
Get real time update about this post categories directly on your device, subscribe now.