തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കടുത്തതോടെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്‌പോരും രൂക്ഷമായി. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് ആവര്‍ത്തിച്ച രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍സുമായി ഒപ്പുവെച്ച പ്രതിരോധ ഇടപാടില്‍ രാഹുല്‍ഗാന്ധി അനധികൃത ഇടപെടല്‍ നടത്തിയെന്നും, സകോര്‍പിയോണ്‍ ഇടപാടില്‍ അനുബന്ധ കരാര്‍ രാഹുല്‍ഗാന്ധിയുടെ വേണ്ടപ്പെട്ടര്‍ക്ക് ലഭിച്ചെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരേ സമയം രൂക്ഷമായി വിമര്‍ശിച്ചും, പരിഹസിച്ചുമാണ് രാഹുല്‍ഗാന്ധി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് ആവര്‍ത്തിച്ച രാഹുല്‍ യാഥാര്‍ഥ്യവും അത് തന്നെയെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മോദി സൈന്യത്തെ ഉപയോഗിക്കുകയാണെന്നും എന്നാല്‍ സൈന്യം മോദിയുടെ സ്വകാര്യസ്വത്തല്ലെന്നും രാഹുല്‍ തുറന്നടിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ടെന്നും,അത് നടത്തിയത് യുപിഎ സര്‍ക്കാരല്ല സൈന്യമെന്നും രാഹുല്‍ പറഞ്ഞു. അതോടൊപ്പം തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്നെ ഒരു തവണയെങ്കിലും മോദി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാന്‍ തയ്യാറാവണമെന്നും പരിഹസിച്ചു

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവും അഴിമതി ആരോപണവുമായി ബിജെപിയും രംഗത്തെത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍സുമായി ഒപ്പുവെച്ച പ്രതിരോധ ഇടപാടില്‍ രാഹുല്‍ഗാന്ധി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചത്.

2003ലെ സകോര്‍പിയോണ്‍ ഇടപാടില്‍ അനുബന്ധ കരാര്‍ രാഹുല്‍ഗാന്ധിയുടെ വേണ്ടപ്പെട്ടര്‍ക്ക് ലഭിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

യുപിഎ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പ്രതിരോധകരാറുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയ ആളാണ് ഇപ്പോള്‍ പ്രധാനമന്ത്രി ആകാന്‍ നടക്കുന്നതെന്ന് അരുണ്‍ ജെയ്റ്റിലി രാഹുലിനെ പരിഹസിക്കുകയും ചെയ്തു