ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ആക്രമണം; ദില്ലിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ യുവാവ് കെജ്രിവാളിന്റെ മുഖത്തടിച്ചു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ആക്രമണം. ദില്ലിയില്‍ റോഡ് ഷോ നടത്തുന്നതിനിടയിലാണ് യുവാവ് കെജ്രിവാളിന്റെ മുഖത്തടിച്ചത്.

ബിജെപി സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണെന്ന് ആംആദ്മി ആരോപിച്ചു. അതേ സമയം സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ത്രിണമൂബല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

മോത്തി നഗറില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണമുണ്ടായത്.

സ്ഥാനാര്‍ത്ഥിക്കൊപ്പം തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തുമ്പോള്‍ ചുവന്ന ഷര്‍ട്ടിട്ട യുവാവ് സുരക്ഷാസേനയെ മറികടന്ന് ജീപ്പിന് മുന്നില്‍ കയറുകയും കെജ്രിവാളിന്റെ മുഖത്ത് അടിക്കുകയും ആയിരുന്നു.

യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സുരേഷ് എന്നാണ് മര്‍ദിച്ച ആളുടെ പേരെന്നും സ്‌പെയര്‍പാര്‍ട്ട് കട നടത്തുന്ന സുരേഷിന് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം ഇല്ലെന്നുമാണ് പൊലീസ് അറിയിച്ചത്.

അതേ സമയം ബിജെപി സ്‌പോണ്‍സര്‍ ചെയ്ത അക്രമണമാണ് നടന്നതെന്ന ആരോപണവുമായി ആംആദ്മി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീണ്ടും വീഴ്ച വരുത്തിയെന്നും പാര്‍ട്ടി ആരോപിച്ചു.

ഇത്തരം നീക്കങ്ങളിലൂടെ പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാവില്ലെന്നും എഎപിവ നേതൃത്വം ട്വീറ്റ് ചെയ്തു. മോദിക്കെതിരെയും അമിത്ഷായ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി.

അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയുടെയും അമിത് ഷായുടെയും ആഗ്രഹമെന്ന് മനീഷ് സിസോദിയ ചോദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും കെജ്രിവാളിന്റെ മുന്നേറ്റം തടയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇല്ലാതാക്കാണ് ശ്രമമെന്നും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ കോല്‍വി ഭയന്നാണ് ബിജെപിയുടെ ഇത്തരം നീക്കങ്ങളെന്ന് ത്രിണമൂല്‍ ആരോപിച്ചു. അതേസമയം ആദ്യമായല്ല അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here