കശുവണ്ടി ഫാക്ടറിയില്‍ ജപ്തി നടപടിക്കായി എത്തിയ ബാങ്ക് ജീവനക്കാരെ കശുവണ്ടി വ്യവസായികള്‍ തടഞ്ഞു; പ്രതിഷേധം കനത്തതോടെ മടങ്ങി

കൊല്ലം: ബാങ്ക് വായ്പ കുടിശ്ശിക വരുത്തിയ കശുവണ്ടി ഫാക്ടറിയില്‍ ജപ്തി നടപടിക്കായി എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെ ചെറുകിട കശുവണ്ടി വ്യവസായികള്‍ തടഞ്ഞു.

കരിക്കോട് നട്ട് ഇന്ത്യ കാഷ്യു കമ്പനിയിലായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജപ്തി നടപടി പൂര്‍ത്തിയാക്കാതെ ബാങ്ക് അധികൃതര്‍ മടങ്ങി.

കോടതിയുടെ ഉത്തരവുമായാണ് ഉദ്യോഗസ്ഥര്‍ ജപ്തിക്കായി എത്തിയത്.ഇതിനെതിരെ ചെറുകിട വ്യാപാരികളും തൊഴിലാളികളും പ്രതിഷേധിച്ചു. ഒപ്പം കാഷ്യു ഫാക്ടറി ഉടമയുടെ ആത്മഹത്യ ഭീഷണി കൂടിയായതോടെ പൊലിസിനെ അറിയിച്ചു.

കോടതി ഉദ്യോഗസ്ഥനും ബാങ്ക് അധികൃതരും പോലീസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഫാക്ടറി ഉടമ വിനോദ് വിശ്വനാഥന് സാവകാശം നല്‍കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിന് അയവു വന്നത്.

കശുവണ്ടി ഇറക്കുമതിയ്ക്ക് ചുങ്കം ഏര്‍പ്പെടുത്തിയതോടെ വ്യവസായം വലിയ തകര്‍ച്ചയെ നേരിടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും അതിനു വഴങ്ങാതെ കോടതി ഉത്തരവുമായി ജപ്തി നടപടിയ്ക്ക് എത്തിയതോടെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി വ്യവസായികളും തൊഴിലാളികളും രംഗത്തെത്തിയത്.

തകര്‍ച്ചയിലായ കശുവണ്ടി വ്യവസായികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ നട്ട് ഇന്ത്യ കാഷ്യു കമ്പനിയെയും ഉള്‍പ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ ഇടനിലക്കാരായി നിന്ന് ബാങ്കുകള്‍ വഴി സാമ്പത്തിക സഹായം ലഭ്യമാക്കുകയും ആദ്യത്തെ ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി പ്രകാരം സഹായം ലഭ്യമാകുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ജപ്തിക്ക് എത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News