പാലാരിവട്ടം മേല്‍പ്പാലം: പ്രതിക്കൂട്ടിലാകുന്നത് യുഡിഎഫ് മന്ത്രിസഭ; ഉദ്ഘാടനത്തിനായി തല്ലിക്കൂട്ടിയ നിരവധി പദ്ധതികളുടെ ഭാവിയും ആശങ്കയില്‍

രണ്ടര വര്‍ഷം കൊണ്ട് പാലാരിവട്ടം മേല്‍പ്പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് അന്നത്തെ യുഡിഎഫ് മന്ത്രിസഭ കൂടിയാണ്. ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കുന്നതുപോലെ തന്നെ ജനപ്രതിനിധികളും ഭരണകക്ഷി നേതാക്കളും ഒത്താശ നല്‍കിയിട്ടുണ്ടെന്ന ആരോപണമാണ് സിപിഐഎം ഉയര്‍ത്തുന്നത്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്ന രണ്ട് മാസക്കാലം കേരളത്തില്‍ ഉദ്ഘാടന മാമാങ്കമായിരുന്നു നടന്നത്. റോഡുകളും പാലങ്ങളും മാത്രമല്ല, പണി തീരാത്ത നിരവധി കെട്ടിടങ്ങളും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച് ഉദ്ഘാടനം ചെയ്തു.

ഇതിനിടെ ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യാതൊരു പരിശോധനയും വിലയിരുത്തലും നടത്തിയതുമില്ല. പദ്ധതി രേഖ പോലുമില്ലാതെയാണ് വൈറ്റില മേല്‍പ്പാലത്തിന് യുഡിഎഫ് സര്‍ക്കാര്‍ തറക്കല്ലിട്ടത്.

പാലാരിവട്ടം ഉള്‍പ്പെടെ ദേശീയപാതയിലെ നാല് പാലങ്ങള്‍ നിര്‍മ്മിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവന്നത് തന്നെ അഴിമതി നടത്താനാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം അനില്‍കുമാര്‍ പറഞ്ഞു.

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അസാധാരണമായ ധൃതി കാണിക്കുന്നതായി അന്ന് തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നു. പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ് എട്ട് മാസം പോലും തികയുന്നതിന് മുമ്പ് ടാറുകള്‍ പൊളിയുകയും ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തു.

ഇതോടെ മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതി തുടക്കത്തില്‍ തന്നെ വ്യക്തമാകുകയും ചെയ്തു. ഉദ്ഘാടനത്തിനായി തല്ലിക്കൂട്ടിയ നിരവധി പദ്ധതികളുടെ ഭാവി സംബന്ധിച്ച ആശങ്കയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News