തിരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് മുഖത്തടിച്ച സംഭവത്തിനു പിന്നിൽ ബിജെപി എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ..

ബിജെപിയുടെ ഭീരുത്വമാണ് ആക്രമണത്തിന് പിന്നിലെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. സുരക്ഷാവീഴ്ചയെ കുറ്റപ്പെടുത്തി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയും രംഗത്തെത്തി

ഇന്നലെ മോത്തിനഗറിൽ നടന്ന റോഡ്‌ഷോയ്ക്കിടെയാണ് വാഹനത്തിൽ ചാടിക്കയറിയ യുവാവ് കെജ്‌രിവാളിനെ മുഖത്തടിച്ചത്. കെജ്‌രിവാളിനെ ആക്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. ആക്രമണം നടത്തിയ സുരേഷ് എന്ന യുവാവ് എ എ പിയുടെ പഴയ പ്രവർത്തകനാണെനാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്.

എന്നാൽ അക്രമത്തിന് പിന്നിൽ ബിജെപി ആണെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. തനിക്കെതിരെ ഇതുവരെ 9 ആക്രമണങ്ങൾ ആണ് നടന്നത്.

ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം.അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തനിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. തുടർച്ചയായി സുരക്ഷാവീഴ്ച വരുത്തുന്നതിനെയും കെജ്‌രിവാൾ രൂക്ഷമായി വിമർശിച്ചു.

ഒരു മുഖ്യമന്ത്രിക്കു നേരെ ഇത്രയും ആക്രണങ്ങൾ ഉണ്ടാകുന്നത് ഇൻഡ്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. സുരക്ഷ സേനയ്ക്ക് തുടർച്ചയായി വീഴ്ച്ച സംഭവിക്കുന്നു.

വേറൊരു സംസ്ഥാനത്തും ഇല്ലാത്തപോലെ ദില്ലിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ബിജെപി സർക്കാരിന് ആണെന്നും അതുകൊണ്ട് സുരക്ഷാവീഴ്ച ഉണ്ടാകുന്നതും സംശയാസ്പദം ആണെന്നുമാണ് കെജ്‌രിവാൾ ആരോപിക്കുന്നത്.

കെജ്‌രിവാളിന് നേരെ ഉണ്ടായ ആക്രമണത്തെ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. ദില്ലിയിൽ സെക്യൂരിറ്റി ചുമതല മോദി സർക്കറിനാണ്.

ആർ എസ് എസിന്റെയും, ബിജെപിയുടെയും ചെറിയ നേതാക്കൾക്ക് പോലും വൻസുരക്ഷ ലഭിക്കുമ്പോഴാണ് ദില്ലി മുഖ്യമന്ത്രിക്ക് ഈ അവസ്ഥയെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി