പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ പാളിച്ചയെന്ന് വിദഗ്ധസംഘം; പാലത്തില്‍ വിള്ളല്‍ കണ്ടെത്തി

പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തില്‍ പാളിച്ചയെന്ന് വിദഗ്ധസംഘം; പാലത്തില്‍ വിള്ളല്‍ കണ്ടെത്തി ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കുമാണ് വിള്ളല്‍ സംഭവിച്ചിരിക്കുന്നത്.

അറ്റകുറ്റപ്പണികള്‍ക്കായി പാലം മൂന്ന് മാസം അടച്ചിടേണ്ടിവരുമെന്നും ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ധ സംഘം അറിയിച്ചു.
ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള പ്രൊഫസര്‍ അളക സുന്ദര മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിശദമായ പരിശോധന നടത്തിയത്.

പാലം നിര്‍മ്മാണത്തിന്‍റെ രൂപകല്‍പ്പനയിലും ഗുണനിലവാരത്തിലും പാളിച്ചകള്‍ ഉള്ളതായി സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഗര്‍ഡറുകള്‍ക്കും തൂണുകള്‍ക്കും സാരമായ വിള്ളലുകളുണ്ട്. അമേരിക്കന്‍ സാങ്കേതിക വിദ്യയായ കാര്‍ബണ്‍ ഫൈബര്‍ ടെക്നോളജി ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും സംഘം അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവരുമെന്നും ഇക്കാലയളവില്‍ പാലം അടച്ചിടേണ്ടിവരുമെന്നും വിദഗ്ധ സംഘം അറിയിച്ചു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ അ‍ഴിമതി നടത്തിയവര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ക‍ഴിഞ്ഞ ദിവസം പാലം സന്ദര്‍ശിച്ച ശേഷം മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു.

മേല്‍പ്പാലത്തില്‍ നടക്കുന്നത് കേവലം അറ്റകുറ്റപ്പണി മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ലഘൂകരിക്കാനാണ് ചിലരുടെ ശ്രമമെന്നും എന്നാല്‍ മേല്‍പ്പാലം പുനസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷമാണ് ചെന്നൈ ഐ ഐ ടിയില്‍ നിന്നുള്ള വിദഗ്ധ സംഘം പാലത്തില്‍ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here