ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഒന്നാം സ്ഥാനത്തേക്ക് എത്തിയതോടെ 2019 ഐപിഎല്‍ മത്സരങ്ങളുടെ പ്ലേ ഓഫ് ലൈനപ്പായി. വിജയിച്ചാല്‍ പ്ലേ ഓഫിലേക്ക് കടക്കാമായിരുന്ന മത്സരത്തില്‍ ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താതെ കൊല്‍ക്കത്ത അടിയറവ് പറയുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി ആവശ്യ ഘട്ടങ്ങളില്‍ റണ്ണെടുക്കാന്‍ കഴിയാത്തതും മുംബൈ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗും കൊല്‍ക്കത്തക്ക് വിനയായി. മുംബൈക്ക് വേണ്ടി മലിംഗ മൂന്ന് വിക്കറ്റും, ഹര്‍ദിക് പാണ്ഡ്യ, ബൂംറ എന്നിവര്‍ രണ്ടു വിക്കറ്റും നേടി.

മറുപടി ബാറ്റിങില്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായാസം വിജയ കണ്ടെത്തി. മുംബൈക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും 47 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും വിജയശില്‍പികളായി.

കൊല്‍ക്കത്ത പുറത്തായതോടെ മികച്ച റണ്‍റേറ്റ് ഉള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.

നാളെ നടക്കുന്ന ക്വാളിഫയര്‍ ഒന്നില്‍ മുംബൈ ചെന്നൈയെ നേരിടുംച. ഇതില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് കടക്കും. തോല്‍ക്കുന്ന ടീമിന് ഹൈദരബാദ്-ഡല്‍ഹി മത്സരത്തില്‍ വിജയിച്ചു വരുന്നവരുമായി മത്സരിക്കാനും അവസരം ലഭിക്കും.

മൂന്ന് കപ്പുകള്‍ നേടിയിട്ടുള്ള ചെന്നൈയും, മുംബൈയും നാലാം കപ്പ് എന്ന ലക്ഷ്യത്തോടെയാണ് എത്തുന്നത്. കന്നി കിരീടമാണ് ഡല്‍ഹിയുടെ യുവത്വത്തിന്റെ ലക്ഷ്യം. വാര്‍ണറും ബെയര്‍സ്‌റ്റോയും ഇല്ലാതെ എത്തുന്ന ഹൈദരബാദിന് രണ്ടാം കിരീടം എന്നതാണ് ലക്ഷ്യം.