
ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച യൂറോപ്പിലേക്ക് തിരിക്കും. 13ന് നടക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി.
പ്രശസ്ത അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കേരളം നേരിട്ട പ്രളയത്തിന്റെ അനുഭവങ്ങള്‍ മുഖ്യമന്ത്രി പങ്കുവയ്ക്കും. പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചും വിശദീകരിക്കും. നെതര്‍ലന്‍ഡ്‌സില്‍ ഒമ്പതിന് ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎന്‍ഒവിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലന്‍ഡ്‌സ് നടപ്പാക്കിയ മാതൃകാ പ്രദേശവും സന്ദര്‍ശിക്കും. 10ന് നെതര്‍ലന്‍ഡ്‌സ് ജലവിഭവ അടിസ്ഥാനസൗകര്യ വികസനമന്ത്രി കോറ വാനുമായി ചര്‍ച്ച നടത്തും. റോട്ടര്‍ഡാം തുറമുഖം, വാഗ്‌നിയന്‍ സര്‍വകലാശാല എന്നിവയും സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ്‌സിലെ മലയാളി കൂട്ടായ്മയുമായും ചര്‍ച്ചയുണ്ടാകും.
സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടയില്‍ യുഎന്‍ഡിപി ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായി ചര്‍ച്ച നടത്തും. 14ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി സംസാരിക്കും.
സ്വിസ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ചയുമുണ്ട്. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംരംഭകരുമായി ചര്‍ച്ച നടത്തും. ഖരമാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സന്ദര്‍ശിക്കും.
16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ എം എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും. 20ന് തിരിച്ചെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here