തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: നഗരമധ്യത്തില്‍ തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് മരിച്ചത്.

മകളോടൊപ്പം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഇവരെ ബസ് ഇടിച്ചു വീഴ്ത്തിയത്.

തിങ്കളാഴ്ച രാവിലെ 9.45 ന് തിരുനക്കര പോസ്റ്റ് ഓഫിസ് റോഡില്‍ വച്ചായിരുന്നു അപകടം. വൈക്കത്തിന് സര്‍വീസ് നടത്തുന്ന പുള്ളത്തില്‍ ബസാണ് മിനിയെ ഇടിച്ചു വീഴ്ത്തിയത്.

തോട്ടയ്ക്കാട് നിന്നുള്ള ബസില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ശേഷം മകളുടെ കൈപിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്നു മിനി. ഇതിനിടെ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ ബസ് മിനിയെ ഇടിച്ചു വീഴ്ത്തി.

അപകടത്തെ തുടര്‍ന്ന് റോഡിനു നടുവിലേയ്ക്ക് വീണ മിനിയുടെ തലയിലൂടെ ബസിന്റെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറും, കണ്ടക്ടറും മറ്റു ജീവനക്കാരും ഇറങ്ങിയോടി.

ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് മൃതദേഹം ബസിന്റെ അടിയില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

പോസ്റ്റ്മാര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here