ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണ പരാതി; ക‍ഴമ്പില്ലെന്ന് അന്വേഷണ കമ്മീഷന്‍

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയ്ക്ക് എതിരായ ലൈംഗിക ആരോപണ പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ സമിതി വിലയിരുത്തി.

ഇന്നലെയാണ് പരാതി സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമിതി സമർപ്പിച്ചത്. സുപ്രീംകോടതിയുടെ ആഭ്യന്തര നടപടി ക്രമത്തിന്റെ ഭാഗമായതിനാൽ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല.

നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന വക്കിലാണ് താൻ എന്നായിരുന്നു ക്ലീൻ ചിറ്റ് നൽകിയതിൽ യുവതിയുടെ പ്രതികരണം. തുടർ നടപടികൾ അഭിഭാഷകരുമായി ചർച്ച ചെയ്ത് തീരുമാനിക്കും എന്നും യുവതി പറഞ്ഞു.

പരാതിക്കാരിയായ യുവതിയുടെ അസാന്നിധ്യത്തിൽ അന്വേഷണവുമായി ആഭ്യന്തര സമിതി മുന്നോട്ട് പോകരുതെന്ന് സുപ്രീംകോടതി ജഡ്‌ജ്മാർക്കിടയിൽ തന്നെ ആവശ്യം ഉയരവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട്.

ചീഫ് ജസ്റ്റിസിനെതിരെ യുവതി ഏപ്രിൽ 19ന് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ പുറത്തിറക്കിയ വർത്താകുറിപ്പിൽ പറയുന്നു. ജസ്റ്റിസ്മാരായ എസ് എ ബോബ്ഡേ , ഇന്ദു മൽഹോത്ര, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ സമിതി ഇന്നലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

എന്നാൽ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല. 2003ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കോടതിയുടെ ആഭ്യന്തര നടപടി ക്രമത്തിന്റെ ഭാഗമായി നിയോഗിച്ച ഒരു സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ കഴിയില്ല എന്നാണ് വിശദീകരണം.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും പ്രതിസന്ധിയിലാക്കിയ വിവാദം അന്വേഷിക്കാൻ ഏപ്രിൽ 23നായിരുന്നു ജസ്റ്റിസ് എസ് ആ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.

സമിതി അംഗമായ ജസ്റ്റിസ് എൻ വി രമണയുടെ പ്രത്യേക താല്പര്യം യുവതി ചോദ്യം ചെയ്തതിനെതുടർന്ന് എൻ വി രമണ പിൻമാറി.

പിന്നീട് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തി. എന്നാൽ പിന്നീട് സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത് സമിതിക്ക് മുൻപിൽ ഹാജരാക്കില്ലെന്ന് യുവതി ഏപ്രിൽ 30ന് പ്രഖ്യാപിച്ചു. ഇങ്ങനെ പല നാടകീയതകളിലൂടെ ആയിരുന്നു സമിതി അന്വേഷണം മുന്നോട്ട് പോയത്.

നീതിയിലുള്ള വിശ്വാസം നഷ്ടപെടുന്ന വക്കിലാണ് താൻ എന്നായിരുന്നു ക്ലീൻ ചിറ്റിൽ പരാതിക്കാരിയുടെ പ്രതികരണം. തുടർ നടപടികൾ അഭിഭാഷകരുമായി ചർച്ച ചെയ്ത് തീരുമാനിക്കും എന്നും യുവതി വാർത്താകുറിപ്പിൽ പറഞ്ഞു.

ആഭ്യന്തര സമിതി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ മുൻ തീരുമാനം പോലെ ചീഫ് ജസ്റ്റിസിനെ കുടുക്കാൻ ഗൂഢാലോചന നടന്നുവന്ന ആരോപണം മുൻ ജഡ്ജ് എ കെ പട്‌നായിക്ക് ഉടൻ അന്വേഷണം ആരംഭിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News