കോട്ടയം: കേരളത്തിൽ പുതുതായി എത്തിയ കല്പിത സർവകലാശാലകൾ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നതായി സ്വാശ്രയ കോളേജ് മാനേജർമാർ.

പി.ജി, യു.ജി. പ്രവേശനം, പരീക്ഷകൾ, കോഴ്സ് നടത്തിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി സർവകലാശാല വിളിച്ചുചേർത്ത അഫിലിയേറ്റ് സ്വാശ്രയ കോളേജുകളുടെ മാനേജർമാരുടെ യോഗത്തിലാണ് കല്പിത സർവകലാശാലകൾക്കെതിരെ രൂക്ഷവിമർശനമുയർന്നത്.

മറ്റു സർവകലാശാലകൾ മിനിമം യോഗ്യതയുടെ മാർക്കിൽ നിബന്ധനകൾ വച്ച് പി.ജി. പ്രവേശനം നടത്തുമ്പോൾ കല്പിത സർവകലാശാലകൾ മാനദണ്ഡങ്ങളൊന്നുമില്ലാതെ പ്രവേശനം നടത്തുകയാണെന്ന് മാനേജർമാരുടെ സംഘടനാ നേതാക്കളടക്കം ആരോപിച്ചു.

പ്രോഗ്രാമുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ അക്കാദമിക കലണ്ടർ കൃത്യമായി പാലിക്കാൻ പ്രിൻസിപ്പൽമാരുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. എ.എം. തോമസ് പറഞ്ഞു.

സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് പരീക്ഷാ ഉപസമിതി കൺവീനർ ഡോ. ആർ. പ്രഗാഷ് മുഖ്യ പ്രഭാഷണം നടത്തി.

സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി.കെ. പത്മകുമാർ, ഡോ. എ. ജോസ്, ഡോ. കെ. കൃഷ്ണദാസ്, ഡോ. ആർ. അനിത, പരീക്ഷ കൺട്രോളർ പ്രൊഫ. ബി. പ്രകാശ് കുമാർ എന്നിവർ പ്രസംഗിച്ചു.