വികസനനേട്ടങ്ങളെ ഇല്ലാതാക്കി സംസ്ഥാനത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി; ജനം എന്നും യാത്രാക്കുരുക്കില്‍ കുടുങ്ങി കിടക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം; നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇന്നേവരെ നേടിയിട്ടുള്ള വികസന നേട്ടങ്ങളെ ഇല്ലാതാക്കി സംസ്ഥാനത്തെ തകര്‍ക്കാനാണ് ബിജെപിയും സംഘപരിവാറും എന്നും ശ്രമിക്കുന്നതെന്നും ദേശീയപാതാ വികസനത്തിന് തടസ്സം നില്‍ക്കുന്നതും ആ ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ ജനങ്ങള്‍ എന്നും യാത്രാക്കുരുക്കില്‍ കുടുങ്ങി കിടക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. കേരളത്തിന്റെ എല്ലാമുന്നേറ്റങ്ങളേയും തകര്‍ക്കുക എന്നതിലുടെ കേരളത്തെ തന്നെ തകര്‍ക്കുക അതാണ് അവരുടെ പ്രധാന അജണ്ട. സംസ്ഥാനത്തെ തകര്‍ക്കാനുള്ള ഈ നീക്കങ്ങളെ കേരളജനത ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വികസനം കേരളത്തിന് അത്യാവശ്യമാണ്. പലയിടത്തും ദേശീയപാത എന്നുപോലും വിളിക്കാന്‍ പറ്റാത്ത റോഡുകളാണുള്ളത്. അത് മാറ്റുവാനാണ് സര്‍ക്കാര്‍ ഇടപ്പെട്ടത്. സ്ഥലം ഏറ്റെടുത്ത് നല്‍കല്‍ ആണ് അതില്‍ പ്രധാനം. യുദ്ധകാലാടിസ്ഥാനത്തില്‍ അത് നടപ്പാക്കുന്നതിനിടെയാണ് ദേശീയപാത അതോറിറ്റി തടസ്സവാദവുമായി വന്നത്.

ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള അയച്ച കത്താണ് ഇപ്പോള്‍ ദേശീയപാത വികസനം നിര്‍ത്തിവെയ്പിക്കാന്‍ ഇടയാക്കിയത്. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള 3 എ വിജ്ഞപനം റദ്ദാക്കണമെന്നാണ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടത്.

നാട്ടിലെ ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മാനോഭാവമാണ് ഇതിലുള്ളത്. വികസനം നിര്‍ത്തിവെയ്ക്കാന്‍ പറയുന്ന കാര്യങ്ങള്‍ പരസ്യമായി ഉന്നയിക്കാന്‍ തയ്യാറാകാതെ അതീവ രഹസ്യമായി കത്തയച്ച് വികസനപ്രവര്‍ത്തനത്തെ തടയലാണ് ഇവിടെ ഉണ്ടായത്.

ദേശീയപാതാ വികസനത്തിന്റെ ഒന്നാംഘട്ടത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒന്നാം ഘട്ടത്തിലേക്കും മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ രണ്ടാം ഘട്ടത്തിലേക്കും മാറ്റുകയാണ് ചെയ്തത്. ഇത് ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ് . സ്വന്തം ഇംഗിതം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളിടത്ത് മാത്രം വികസനം എന്നതാണ് അവര്‍ സ്വീകരിക്കുന്ന നയം.

ഇതാദ്യമല്ല കേരളത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത്. റെയില്‍വേ സോണ്‍, എയിംസ്, ഇങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് നമുക്ക് നിഷേധിച്ചിട്ടുള്ളത്.

സംസ്ഥാനം നേടിയനേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് അര്‍ഹമായ അവകാശം കൂടി നല്‍കാത്ത നിലയാണ്. ഓഖി, നിപ്പ, കാലവര്‍ഷക്കെടുത്തി എന്നിവയുണ്ടായപ്പോളെല്ലാം ഈ നിഷേധിക്കല്‍ കേരളം നേരിട്ടറിഞ്ഞതാണ്. അര്‍ഹമായത് തന്നില്ലെന്ന് മാത്രമല്ല; മറ്റ് രാജ്യങ്ങളില്‍നിന്ന് സഹായമടക്കം തടഞ്ഞ കേന്ദ്രമാണുള്ളത്.

കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കലാണ് അവരുടെ ലക്ഷ്യം. ആപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന ജനതയെ വര്‍ഗീയമായി ധ്രുവുകരിക്കാനാണ് തെരഞ്ഞെടുപ്പ് കാലത്ത് സംഘപരിവാര്‍ ശ്രമിച്ചത്. തങ്ങളുടെ സങ്കുുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തുചെയ്യാനും അവര്‍ക്ക് മടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News