ഭീകരവാദികളെ ഹിന്ദുക്കളുടെ പേരില്‍ സംരക്ഷിക്കാനുള്ള കുടിലതന്ത്രം, തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയുള്ളത്; ഇന്ത്യയെ സംരക്ഷിച്ചുനിര്‍ത്താനായി അതിനെ ചെറുത്തുതോല്‍പ്പിച്ചേ പറ്റൂ

മോഡി സര്‍ക്കാരിന്റെ ഇരുണ്ടതും വിനാശകരവുമായ പ്രവര്‍ത്തന റെക്കോഡ്, 2014ല്‍ നല്‍കിയ വാഗ്ദാനങ്ങളോട് കാട്ടിയ വഞ്ചന, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നാശോന്മുഖമായ തകര്‍ച്ച, നോട്ടു റദ്ദാക്കലും ജിഎസ്ടിയുംവഴി അഭൂതപൂര്‍വമായ സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ട് വരുത്തിവച്ച ദുരിതത്തിന്റെ പറയാക്കഥകള്‍, വെറുപ്പും ഹിംസയും പടര്‍ത്തിക്കൊണ്ട് വളര്‍ത്തിയെടുത്ത വര്‍ധിച്ചുവരുന്ന അസഹിഷ്ണുത എന്നിവ കാരണം സര്‍ക്കാരിനെതിരെ പ്രബലമായ ഭരണവിരുദ്ധവികാരം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഒരുവശത്ത് ആര്‍എസ്എസും ബിജെപിയും സായുധസേനയുടെ ധീരത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വോട്ട് തേടുകയും ഭീകരതയ്ക്കും പാകിസ്ഥാനുമെതിരെയുള്ള പോരാട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിവുള്ള ഏക ശക്തി തങ്ങളാണ് എന്ന് സ്വയം വലുതാക്കിക്കാട്ടാന്‍ ശ്രമിക്കുകയുമാണവര്‍.

മറുവശത്ത്, കര്‍ക്കശമായ വര്‍ഗീയധ്രുവീകരണം കൂടുതല്‍ അഗാധമാക്കാനായി വര്‍ഗീയവികാരം ഉയര്‍ത്തിവിട്ട് വോട്ടുകള്‍ തട്ടാന്‍ ശ്രമിക്കുകയാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ നടപ്പാക്കുന്ന തങ്ങളുടെ ഹിന്ദുത്വ അജന്‍ഡകള്‍ എന്തെല്ലാമാണെന്ന് പറഞ്ഞുകൊണ്ട് അവര്‍ ഒരു തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ പുറത്തിറക്കിയിരിക്കുന്നു.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയലും ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളയാനായി ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കലും യൂണിഫോം സിവില്‍ കോഡുമൊക്കെ ഇതില്‍പ്പെടും.

അതിനുപുറമെ പൗരത്വ ബില്ലിനുള്ള ഭേദഗതിയും അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുവഴി മുസ്ലിങ്ങള്‍ക്ക് പൗരത്വം നിഷേധിക്കാനും ഇന്ത്യന്‍ പൗരത്വത്തിന് മതം മാനദണ്ഡമാക്കാനുമുള്ള നിര്‍ലജ്ജമായ നടപടി, നമ്മുടെ ഭരണഘടനയുടെ പൂര്‍ണമായ നിഷേധവും ലംഘനവുമാണ്.

പ്രഗ്യാ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വവും പ്രസംഗവും

ഇതിന് അനുയോജ്യമായി, നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ എല്ലാ ബിജെപി നേതാക്കളും വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന പ്രസംഗങ്ങളാണ് നടത്തുന്നത്. ഹിന്ദു വര്‍ഗീയ വോട്ട്ബാങ്കിനെ ഏകീകരിക്കാനായി ഏറ്റവും വൃത്തികെട്ട വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

നരേന്ദ്ര മോഡി ഉയര്‍ത്തിവിടുന്ന അനിയന്ത്രിതമായ വര്‍ഗീയജ്വരത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ ഇനിയും നടപടി എടുക്കാനിരിക്കുന്നതേയുള്ളൂ എന്നത് വിചിത്രമായിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് അശുഭസൂചനകള്‍ നല്‍കുന്ന ലക്ഷണമാണത്.

വിചാരണത്തടവുകാരിയായി ജയിലില്‍ കഴിയുകയായിരുന്ന പ്രഗ്യാ സിങ് താക്കൂറിനെ ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞ് പരോളിലിറക്കിയ ബിജെപി, അവരെ തങ്ങളുടെ ഭോപ്പാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ്.

ഈ തീരുമാനത്തിന് മേലൊപ്പുവച്ചുകൊണ്ട് നരേന്ദ്ര മോഡി പ്രഗ്യാ സിങ് താക്കൂറിനെ സ്തുതിച്ചത് നമ്മുടെ ‘സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം’ എന്നാണ്.

മോഡിയുടെ ഈ സ്തുതിവചനത്തില്‍നിന്ന് ധൈര്യം ശേഖരിച്ചുകൊണ്ട് പ്രഗ്യാ സിങ് തനിക്ക് ഒരുക്കിക്കിട്ടിയ രാഷ്ട്രീയ വേദിയെ തന്റെ ബ്രാന്‍ഡ് വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഐപിഎസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കറെയുടെ രക്തസാക്ഷിത്വത്തെ അവര്‍ നിന്ദിച്ചു. മലേഗാവ് ബോംബ് സഫോടനക്കേസില്‍ അന്വേഷണം നടത്തിയ കര്‍ക്കറെ, പ്രഗ്യാ സിങ്ങിനെക്കുറിച്ച് വിശദാന്വേഷണം നടത്തി അവരെ ഭീകരവാദക്കേസില്‍ പ്രതിചേര്‍ത്തു. കര്‍ക്കറെ മരണമടഞ്ഞത്, തന്റെ ശാപം കാരണമാണെന്നാണ് ഈ ബിജെപി സ്ഥാനാര്‍ഥി പറയുന്നത്.

അവരുടെ ഭാഷയില്‍ കര്‍ക്കറെ ദൈവകോപം ഏറ്റതുകൊണ്ടാണ് കൊല്ലപ്പെട്ടത്. നവംബര്‍ 26ന്റെ മുംബൈ അക്രമണവേളയില്‍ ദേശവിരുദ്ധ ഭീകരരുടെ മുഖ്യലക്ഷ്യം കര്‍ക്കറെ ആയിരുന്നുവെന്നും അവിടെ വെടിയേറ്റാണ് അദ്ദേഹം വീരമൃത്യു വരിച്ചതെന്നുമുള്ള കാര്യം ഇത്തരം വര്‍ഗീയ ഭ്രാന്തന്മാര്‍ക്ക് ഒട്ടും പ്രസക്തമല്ല.

ഒരുസംഘം മുന്‍ സീനിയര്‍ കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രഗ്യാ സിങ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വത്തിലും അതിനെ ആവേശപൂര്‍വം സ്വാഗതം ചെയ്യാന്‍ പ്രധാനമന്ത്രിയെപ്പോലെയുള്ള ഉന്നത സ്ഥാനീയനായ ഒരാള്‍ മുന്നിട്ടിറങ്ങിയതിലും അവിശ്വാസവും ഞെട്ടലും പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റിന് കത്തയക്കുകയുണ്ടായി. കത്തിന്റെ തലക്കെട്ട്, ‘നമ്മുടെ പൈതൃകം ഒരു ഭീകരവാദ പ്രവര്‍ത്തനവുമല്ല ‘ എന്നാണ്. മോഡിക്കുനേരെ വേണ്ട നടപടി കൈക്കൊള്ളാന്‍ അത് ആവശ്യപ്പെടുന്നു.

ഹിന്ദുക്കള്‍ക്ക് ഒരിക്കലും അക്രമികളാകാന്‍ കഴിയില്ല എന്ന ആശ്ചര്യകരമായ പ്രസ്താവന നടത്താനും നരേന്ദ്ര മോഡിക്ക് കഴിഞ്ഞു. തന്റെ പ്രധാനമന്ത്രിപദവി നിലനിര്‍ത്താനുള്ള തിടുക്കത്തില്‍, അദ്ദേഹം ഇന്ത്യാ ചരിത്രത്തിലെ ബീഭത്സമായ പോരാട്ടങ്ങളെയും യുദ്ധങ്ങളെയും മായ്ച്ചുകളയുകയാണ്.

സംഘട്ടനങ്ങളും അക്രമാസക്തമായ യുദ്ധങ്ങളും നിറഞ്ഞ നമ്മുടെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമാണ്, നമ്മുടെ ചരിത്രത്തിന്റെ ഏകസ്രോതസ്സ് എന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ആര്‍എസ്എസ് പ്രചാരകനില്‍നിന്നാണ് ഇങ്ങനെയൊരു പ്രസ്താവന എന്നത് വിചിത്രംതന്നെ.

ഹിന്ദുകുഷ് മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍വരെ വ്യാപിച്ചുകിടന്ന മൗര്യസാമ്രാജ്യത്തിലെ രാജാവായ അശോകനാണ്, രക്തരൂക്ഷിതമായ തന്റെ കലിംഗാ ആക്രമണത്തില്‍ പശ്ചാത്താപചിത്തനായി ബുദ്ധമതം സ്വീകരിച്ചത് എന്ന കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്.

ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചശേഷമാണ് സഹിഷ്ണുതയും സഹാനുഭൂതിയും സമാധാനപരമായ സഹവര്‍ത്തിത്വവും വഴി ജീവിതത്തെ ആദരിക്കാനുള്ള സന്നദ്ധതയിലേക്ക് അദ്ദേഹം എത്തിയത്. ‘ജനങ്ങളെ ബലം പ്രയോഗിച്ച് കീഴടക്കുന്നതിലും ഏറെ നല്ലത് ധര്‍മംവഴി വിജയിക്കുന്നതാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ സന്ദേശം അനേകം സ്തൂപങ്ങളിലെ ശിലാശാസനങ്ങള്‍വഴി അദ്ദേഹം വ്യാപകമായി പ്രചരിപ്പിച്ചു.

അദ്ദേഹത്തിന്റെ പ്രതീകമായ ചക്രം നമ്മുടെ ദേശീയപതാകയില്‍ അഭിമാനകരമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. അദ്ദേഹത്തിന്റെ ചതുര്‍ സിംഹസ്തൂപമാണ് ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം. സ്തൂപത്തിലെ ഒരു ലിഖിതം പറയുന്നത് ‘തന്റെ മത ശാഖയോടുള്ള ഭക്തികാരണം അതിനെ വാഴ്ത്തിക്കാട്ടാന്‍ ഉദ്ദേശിച്ചുകൊണ്ട് ഇതര വിഭാഗങ്ങളെ നിന്ദിക്കുന്നവര്‍ സ്വന്തം വിഭാഗത്തെത്തന്നെയാണ് കൂടുതല്‍ അപകടപ്പെടുത്തുന്നത്.’

ആ സ്തൂപങ്ങളിലെ ലിഖിതങ്ങള്‍ക്ക് നേര്‍വിപരീതമായാണ് ആര്‍എസ്എസും ബിജെപിയും ഇന്ന് പെരുമാറുന്നത്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം

2000 ജനുവരി 22ന്റെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു മൗലിക പഠനത്തില്‍ ആര്‍ക്കൈവ്‌സ് രേഖകളുടെ പിന്‍ബലത്തോടെ, മര്‍സിയാ കസോളരി തെളിയിച്ചുകാട്ടുന്നത് ഹിന്ദുത്വ ശക്തികളുടെ മേല്‍ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനുള്ള സ്വാധീനമാണ്.

ഇറ്റാലിയന്‍ ഫാസിസവും ജര്‍മന്‍ നാസിസവും രണ്ടും തങ്ങളുടെ പ്രത്യയശാസ്ത്ര പദ്ധതികള്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ലേഖകന്‍ പറയുന്നു: ‘1920 കളുടെ തുടക്കംമുതല്‍ രണ്ടാം ലോകമഹായുദ്ധംവരെ, ഹിന്ദു ദേശീയതാവാദികള്‍ ഫാസിസ്റ്റ് ഇറ്റലിയിലെയും പിന്നീട് നാസി ജര്‍മനിയിലെയും രാഷ്ട്രീയ യാഥാര്‍ഥ്യത്തെ ഒരാവേശസ്രോതസ്സായാണ് നോക്കിക്കണ്ടത്. പ്രത്യയശാസ്ത്രതലത്തില്‍, ഫാസിസ്റ്റ് സ്വാധീനത്തിന്റെ ഏറ്റവും അര്‍ഥപൂര്‍ണമായ ഫലം വെളിപ്പെടുത്തിക്കാട്ടുന്നത് ഹിന്ദു ദേശീയത വൈവിധ്യത്തെപ്പറ്റിയുള്ള അതിന്റെ ആശയം വികസിപ്പിച്ചെടുത്തതിലാണ്. അത് വൈവിധ്യമുള്ള ജനങ്ങളെ ശത്രുക്കളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് സാധിച്ചത്.

ആഭ്യന്തര ശത്രുവിനെക്കുറിച്ചുള്ള ആശയം സവര്‍ക്കറുടെ ഹിന്ദുത്വത്തില്‍ത്തന്നെ അന്തര്‍ലീനമാണ്. എങ്കിലും, ജര്‍മന്‍ വംശീയനയത്തെപ്പറ്റിയുള്ള നിരന്തരമായ പ്രസ്താവനകളും ജര്‍മനിയിലെ ജൂതപ്രശ്‌നവും ഇന്ത്യയിലെ മുസ്ലിംവിഷയവും തമ്മിലുള്ള താരതമ്യവും വെളിപ്പെടുത്തുന്നത്, ആഭ്യന്തര ശത്രുവിനെപ്പറ്റിയുള്ള ആശയം ഫാസിസ്റ്റ് രീതിയില്‍ത്തന്നെ വികസിച്ചുവരുന്ന കാര്യമാണ്. ‘

ആര്‍ക്കൈവ്‌സില്‍നിന്ന് ലഭിച്ച അമൂല്യ രേഖകളുടെ പിന്‍ബലത്തോടെയാണ് ഈ നിഗമനത്തിലേക്കെത്തുന്നത്.

ഹിന്ദുധര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്ന കാര്യത്തില്‍ മൂഞ്ചെ പറഞ്ഞ കാര്യം അദ്ദേഹം ഉദ്ധരിക്കുന്നു: ‘പക്ഷേ പ്രശ്‌നം, ഈ ആദര്‍ശം യാഥാര്‍ഥ്യമാക്കണമെങ്കില്‍, നമുക്ക് നമ്മുടെ ഒരു സ്വരാജും അതിനെ നയിക്കാന്‍ പഴയകാലത്തെ ശിവാജിയെപ്പോലെയോ വര്‍ത്തമാനകാല ഇറ്റലിയിലും ജര്‍മനിയിലുമുള്ള മുസോളിനിയെയും ഹിറ്റ്ലറെയും പോലുള്ള ഒരു ഹിന്ദു ഏകാധിപതിയും ഇല്ലാതെ സാധിക്കുകയേ ഇല്ല എന്നതാണ്…

പക്ഷേ ഇതിന് അര്‍ഥം, അത്തരമൊരു ഏകാധിപതി ഇന്ത്യയില്‍ ഉദയം കൊള്ളുന്നതുവരെ നാം കൈകളും കൂപ്പി തൊഴുതിരിക്കണമെന്നല്ല. നാം ഒരു ശാസ്ത്രീയപദ്ധതിക്ക് രൂപം കൊടുക്കണം. എന്നിട്ട് അതിന്മേല്‍ പ്രചാരണം നടത്തണം.

ഇന്ന് ഫാസിസ്റ്റുകള്‍ ഇറ്റലിക്കും നാസികള്‍ ജര്‍മനിക്കും എങ്ങനെയോ, ഭാവി ഇന്ത്യയില്‍ അങ്ങനെയുള്ള ഒരവസ്ഥയിലേക്ക് സംഘം എത്തിച്ചേരുമെന്ന പ്രതീക്ഷ ഊന്നിപ്പറയുന്നത് ഒരുപക്ഷേ ഒട്ടും അതിശയോക്തിയാകില്ല.

1934ല്‍ മൂഞ്ചെ തന്റെ ഭോണ്‍സ്ലാ മിലിട്ടറി സ്‌കൂള്‍ എന്ന സ്ഥാപനത്തിന്റെ അടിത്തറയിടാന്‍ തുടങ്ങി. ഈ ഉദ്ദേശ്യത്തോടെ, അതേവര്‍ഷം സെന്‍ട്രല്‍ ഹിന്ദു മിലിട്ടറി എജ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കാനും ശ്രമം തുടങ്ങി.

ഹിന്ദുക്കളില്‍ സൈനികമായ പുനരുജ്ജീവനം ഉണ്ടാക്കിയെടുക്കലും ഹിന്ദു യുവാക്കളെ മാതൃഭൂമിയുടെ പ്രതിരോധത്തിനുള്ള മുഴുവന്‍ ചുമതലയും ഏറ്റെടുക്കാന്‍ പ്രാപ്തമാക്കലുമാണ് അതിന്റെ ഉദ്ദേശ്യം.’

അന്ന് ഹിന്ദു മഹാസഭാ പ്രസിഡന്റായിരുന്ന സവര്‍ക്കര്‍, ഹിറ്റ്ലറുടെ ജൂതവിരുദ്ധ നയത്തില്‍ ആകൃഷ്ടനായിരുന്നു എന്ന കാര്യം ആര്‍ക്കൈവ്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ആ രേഖ പറയുന്നത്, എല്ലാ പ്രസംഗങ്ങളിലും സവര്‍ക്കര്‍ ജൂതവിരുദ്ധ നയത്തെ പിന്തുണച്ചു എന്നാണ്. ഇന്ത്യയിലെ മുസ്ലിം പ്രശ്‌നത്തിനുള്ള പരിഹാരമായി അദ്ദേഹം 1938 ഒക്ടോബര്‍ 14 ന് ഇങ്ങനെയാണ് പറഞ്ഞത്:

‘ഒരു ദേശം രൂപപ്പെടുത്തുന്നത് അവിടെ ജീവിക്കുന്നവരുടെ ഭൂരിപക്ഷമാണ്. ജൂതന്മാര്‍ ജര്‍മനിയില്‍ എന്താണ് ചെയ്തത്? ന്യൂനപക്ഷമെന്ന നിലയ്ക്ക് അവര്‍ ജര്‍മനിയില്‍നിന്ന് പിടിച്ച് പുറത്താക്കപ്പെട്ടു. ജര്‍മനിയില്‍ ജര്‍മന്‍കാരുടെ പ്രസ്ഥാനമാണ് ദേശീയ പ്രസ്ഥാനം. പക്ഷേ, ജൂതന്മാരുടേത് വര്‍ഗീയമായ ഒന്നാണ്. ‘പിന്നീട് സവര്‍ക്കര്‍ ഇങ്ങനെ പറഞ്ഞതായാണ് ഉദ്ധരിക്കപ്പെടുന്നത്. ‘ചിന്താപരമായ ഐക്യം, മതം, ഭാഷ, സംസ്‌കാരം എന്നിവയെപ്പോലെ ദേശീയത, ഭൂമിശാസ്ത്രപരമായ പ്രദേശത്തെ ആശ്രയിക്കുന്നേയില്ല. ഇക്കാരണത്താല്‍, ജര്‍മന്‍കാരെയും ജൂതരെയും ഒരു ദേശമായി കണക്കാക്കാനാകില്ല.’ ഇനിയും സംശയിക്കണോ നരേന്ദ്ര മോഡിയുടെ സമീപകാല ആക്രോശങ്ങള്‍ എവിടെനിന്ന് വരുന്നു എന്നറിയാന്‍?

ഭീകരവാദികളെ ഹിന്ദുക്കളുടെ പേരില്‍ സംരക്ഷിക്കാനുള്ള ഈ കുടിലതന്ത്രം, തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയുള്ള ഒന്നാണ്. അത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും തിന്മനിറഞ്ഞ ആവിഷ്‌കരണമാണ്. ഇന്ത്യയെ സംരക്ഷിച്ചുനിര്‍ത്താനായി അതിനെ ചെറുത്തുതോല്‍പ്പിച്ചേ പറ്റൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News