ആന്‍ഫീല്‍ഡില്‍ കട്ട ചുവപ്പ്; കറ്റാലന്‍മാരുടെ ചോരവീണ് ആന്‍ഫീല്‍ഡ് പതിവിലും ചുവന്ന് തുടുത്തിരിക്കുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് 2005 ല്‍ ഒരു ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ രാത്രിയില്‍ തുടങ്ങിയതാണ് ആന്‍ഫീല്‍ഡുകാരോടുള്ള ഇഷ്ടം. 2005 ല്‍ ഇസ്തംബൂളിലെ അദ്ഭുതത്തിന് ശേഷം കാര്യമായ കിരീട നേട്ടങ്ങളൊന്നുമില്ലെങ്കിലും ലിവര്‍പൂളും, അവരുടെ ചുവന്ന കുപ്പായവും എന്നും മോഹിപ്പിച്ചുകൊണ്ടേയിരുന്നു.

എണ്ണപ്പണത്തിന്റെ കരുത്തില്‍ ചെല്‍സിയും, മാഞ്ചസ്റ്റര്‍ സിറ്റിയുമൊക്കെ നേട്ടങ്ങളില്‍ പേരെഴുതിച്ചേര്‍ക്കു്‌മ്പോള്‍ ലിവര്‍ കുമ്മായവരക്ക് പുറത്തായിരുന്നു. എന്നാല്‍ യര്‍ഗന്‍ ക്ലോപ്പ് എന്ന മനുഷ്യന്‍ ജര്‍മ്മനിയില്‍ നിന്ന് ആന്‍ഫീല്‍ഡിലേക്ക് വിമാനം കയറിയപ്പോള്‍ ടേക്ക് ഓഫ് ചെയ്തത് ഞങ്ങല്‍ ആരാധകരകുടെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു.

ഈജിപ്തില്‍ നിന്ന് മുഹമ്മദ് സാലയെന്ന സുല്‍ത്താനും, ബ്രസീലില്‍ നിന്ന് ഫിര്‍മ്മിനോയെന്ന രാജകുമാരനും ചേര്‍ന്നപ്പോള്‍ അദ്ഭുതങ്ങളുടെ അമരത്തേക്കുള്ള യാത്രക്ക് ക്ലോപ്പ് എന്ന മാനേജര്‍ തുടക്കമിടുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ റാമോസ് എന്ന തെമ്മാടിയുടെ മുന്നില്‍ തോറ്റെങ്കിലും കഥ തീര്‍ന്നിരുന്നില്ല. ആന്‍ഫീല്‍ഡില്‍ ഒരു കൂട്ടം മനുഷ്യന്‍മാര്‍ മാറ്റിയെഴുതുകയാണ് ദൈവങ്ങളെന്ന് ലോകം വിളിച്ച അതിമാനുഷന്‍മാരുടെ ജീവിതം. ആന്‍ഫീല്‍ഡില്‍ എന്നും ചുവപ്പാണ് എന്നാല്‍ ഇന്ന് ആ ചുവപ്പിന് കടുപ്പം കൂടുതലാണ്.

ബാഴ്‌സയുടെ ചോര വീണ് ആന്‍ഫീല്‍ഡ് പതിവിലും ചുവന്ന് തുടുത്തിരിക്കുന്നു. ചെങ്കുപ്പായമിട്ട് പതിനൊന്ന് സാധാരണ മനുഷ്യന്‍മാര്‍ ആന്‍ഫീല്‍ഡില്‍ പന്ത് കളിക്കാനിറങ്ങിയപ്പോള്‍ അദ്ഭുദ മനുഷ്യരെന്ന് ലോകം വിളിച്ച ഒരു സംഘം അതിമാനുഷര്‍ക്ക് മണ്ണിലേക്ക് ഇറങ്ങേണ്ടി വന്നു.

ആദ്യ പാദത്തില്‍ നൗക്കാമ്പില്‍ ലിവര്‍പൂളിന്റെ വലനിറച്ച് ഗോളടിച്ച് കൂട്ടിയപ്പോള്‍ ബാഴ്‌സലോണ ഒരിക്കലും ചിന്തിച്ച് കാണില്ല ആന്‍ഫീല്‍ഡില്‍ മരണക്കെണി ഒളിപ്പിച്ച് ചെങ്കുപ്പായക്കാര്‍ കാത്തിരിക്കുമെന്ന്. അല്ലേലും ലിവര്‍പൂള്‍ എന്നും അങ്ങനെയാണ് പക വീട്ടാനുള്ളതാണ് എന്നാണ് എന്നും ചെമ്പടയുടെ നയം.

ശൂന്യതയില്‍ നിന്ന് അദ്ഭുതങ്ങള്‍ എന്നും ആന്‍ഫീല്‍ഡുകാരുടെ പതിവാണത്. ഇസ്തംബൂളില്‍ 14 വര്‍ഷം മുമ്പ് അഇ മിലാെനയാണ് ലിവര്‍ മണ്ണിലേക്ക് വലിച്ചിട്ടതെങ്കില്‍ ഇന്ന് ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ സംഘമെന്ന് ലോകം വിളിച്ച ബാഴ്‌സലോണയെ.

തിരിച്ചുവരവുകളുടെ രാജാക്കന്‍മാരെ, ആന്‍ഫീല്‍ഡിലെ പ്രിയപ്പെട്ട മനുഷ്യന്‍മാരെ ലോകം നിങ്ങളെ സ്‌നേഹിക്കുന്നു. കാരണം നിങ്ങള്‍ കളിച്ചത് ഫുട്‌ബോളാണ്. നിങ്ങള്‍ അവസാനിപ്പിച്ചത് ബാഴ്‌സലോണയെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here