ലോക സിനിമയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സിനിമാ ആചാര്യനായ ഴാങ് ലൂക്ക് ഗോദാര്‍ദ്ദിന് ഇപ്പോള്‍ വയസ്സ് 88. കാലും കൈയ്യും തലയും അനങ്ങുന്ന കാലത്തോളം താന്‍ സിനിമയെടുക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞവര്‍ഷം ഒരഭിമുഖത്തില്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞവര്‍ഷം കാന്‍ മേളയിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ഇമേജ് ബുക്കിന് ശേഷം ഗോദാര്‍ദ്ദ് വീണ്ടും ഒരു സിനിമയുടെ തിരക്കിലായിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ ലോക സിനിമാ വാര്‍ത്ത.

എണ്‍പത്തിരണ്ടാം വയസ്സിലും ഊര്‍ജ്ജസ്വലനായ കെപി കുമാരന്‍ ഒരു പക്ഷേ, മലയാളികളുടെ ഗോദാര്‍ദ്ദാണ്. ചലച്ചിത്ര രംഗത്തെ സുഹൃത്തുക്കളുടെ കുമാരേട്ടന്‍ ഇപ്പോള്‍ പുതിയ സിനിമയുടെ ജോലിയിലാണെന്നതാണ് മലയാള സിനിമാരംഗത്തു നിന്നുള്ള പുതിയ വാര്‍ത്ത.

ഒരു പക്ഷേ, ഈ പ്രായത്തില്‍ മലയാളത്തില്‍ സിനിമയെടുക്കുന്ന ഒരാള്‍ കുമാരേട്ടനാകും. മലയാള സിനിമാ ചരിത്രത്തിലെ പുതിയ അനുഭവമാണത്.

നിരവധി ദേശീയ അന്തര്‍ദ്ദേശിയ പുരസ്‌കാരങ്ങള്‍ ലഭിച്ച കെപി കുമാരന്‍ കുമാരനാശന്റെ ജീവിത കഥയാണ് സിനിമയാക്കുന്നത്. സിനിമയുടെ രണ്ടാംഘട്ട ഷെഡ്യൂള്‍ ഈ മാസം നെയ്യാറ്റിന്‍കര തുടരും. സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ മേനോനാണ് കുമാരനാശാനാവുന്നത്.

മലയാള സിനിമ പൂരിപ്പിക്കാതെ വിട്ട ചരിത്രങ്ങള്‍ അനവധിയാണ്. അതുകൊണ്ട് തന്നെ കുമാരനാശാന്റെ ജീവിതവും ഇടപെടലും ഇക്കാലത്ത് വളരെ പ്രസക്തമാണെന്ന് കരുതുന്നതായി കെ പി കുമാരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ആശാനോട് താരതമ്യം ചെയ്യാന്‍ പറ്റുന്ന ഒരാള്‍ നമ്മുടെ ചരിത്രത്തിലില്ല. പിന്നീട് ഉണ്ടായിട്ടുമില്ല. കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്ന് വളരെ മുമ്പേ ആലോചിച്ചതാണ്. ഇപ്പോള്‍ അത് സംഭവിക്കാനിടയായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഴുപതുകളില്‍ മലയാള സിനിമകളുടെ സുവര്‍ണ്ണകാലത്താണ് കെപി കുമാരന്‍ സജീവമാകുന്നത്.

അരനൂറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതം മലയാളസിനിമയുടെ ചരിത്രമാണ്. എഴുപതുകളില്‍ നവതരംഗ സിനിമകളുടെ നാഴികക്കല്ലായ ‘അതിഥി’യാണ് കെപി കുമാരന്റെ മാസ്റ്റര്‍പ്പീസ്.

1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ തിരക്കഥാപങ്കാളിയായിരുന്നു. അടൂരിനൊപ്പം ചിത്രലേഖ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ നെടുന്തൂണുകളിലൊരാളുമായിരുന്നു കെപി.

1975ല്‍ കെപി കുമാരന്‍ സംവിധാനം ചെയ്ത ‘റോക്ക്’ ദില്ലിയില്‍ നടന്ന ഏഷ്യ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു.

2017ല്‍ കേരളത്തിന്റെ 22ാമത് ചലച്ചിത്രമേളയില്‍ കെപി കുമാരന്റെ ഭഅതിഥി’ തൊട്ട് ‘ആകാശഗോപുരം’ വരെയുള്ള ചിത്രങ്ങളുടെ റിട്രോസ്പക്ടീവ് ഒരുക്കിയിരുന്നു. 1936ല്‍ കൂത്തുപറമ്പില്‍ ജനിച്ച കെപി കുമാരന്‍ അറുപതുകളിലാണ് തിരുവനന്തപുരത്തെത്തി സ്ഥിരതാമസമാക്കിയത്.