പൊളിച്ച് മാറ്റാന്‍ ഉത്തരവ് വന്നതോടെ ആശങ്കയിലാണ് മരടിലെ ഫ്ളാറ്റുടമകള്‍

ഒരു മനുഷ്യായുസ്സ് മുഴുവന്‍ അധ്വാനിച്ച് വാങ്ങിയ ഫ്‌ലാറ്റുകള്‍ ഒരു മാസം കൊണ്ട് ഇല്ലാതാകുമെന്നതറിഞ്ഞതോടെ വലിയ ആശങ്കയിലാണ് മരടിലെ ഫ്‌ലാറ്റുടമകള്‍.

തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ കൊച്ചിയിലെ വിവിധ കെട്ടിട സമുച്ചയങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

സുപ്രീംകോടതി വിധി പ്രകാരം ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയ്ന്‍ ഹൗസ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നിവ പൊളിച്ചു നീക്കിയാല്‍ നാനൂറിലധികം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെടും.

ഒരു മനുഷ്യായുസ്സ് കൊണ്ടുണ്ടാക്കിയ സന്പാദ്യം മുഴുവന്‍ കോടതി വിധിയോടെ ഇല്ലാതാകുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെ ഫ്‌ലാറ്റുടമകള്‍ വലിയ ആശങ്കയിലാണ്.

എല്ലാ നിയമങ്ങളും പാലിച്ചാണ് ഫ്‌ലാറ്റുകള്‍ വാങ്ങിയതെന്നും തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹോളി ഫെയ്ത്ത് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആന്റണി സി എട്ടുകെട്ടില്‍ പറഞ്ഞു.

അതേസമയം ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തീരദേശനിയമം കര്‍ക്കശമല്ലായിരുന്നുവെന്നും സുപ്രീംകോടതി വിധിപ്രകാരമാണെങ്കില്‍ മരടില്‍ ഒരു കെട്ടിടം പോലും ഉണ്ടാകില്ലെന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ദേവസ്യ പറഞ്ഞു.

മരട് നഗരസഭയുടെ എല്ലാ അനുമതിയും വാങ്ങിയാണ് ഫ്‌ളാറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഉടമകളുടെ വാദം. സുപ്രീംകോടതി വിധി വന്നതോടെ ബാങ്കുകളില്‍ നിന്നും ലോണെടുത്ത് ഫ്‌ലാറ്റ് സ്വന്തമാക്കിയവരും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News