സംസ്ഥാനത്തെ ദേശീയപാതാവികസനം സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

സംസ്ഥാനത്തെ ദേശീയപാതാവികസനം സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹവും വെല്ലുവിളിയുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

കേരളത്തെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് മോഡി സര്‍ക്കാര്‍. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോഭം നടത്തുമെന്ന് എവിജയരാഘവന്‍ മുന്നറിയിപ്പ് നല്‍കി.

ദേശീയപാതാവികസനം നിര്‍ത്താനാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്ക് കത്തയച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ്ശ്രീധരന്‍പിള്ള കേരളീയര്‍ക്ക് എതിരാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്.

കേരളജനത രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയതിലുള്ള നിരാശയും പ്രതികാരവുമാണ് പിള്ളയ്ക്ക്. ജന താല്‍പ്പര്യങ്ങള്‍ക്ക് എതിര് നിന്ന നേതാക്കളുടെ ദുരനുഭവം തന്നെയായിരിക്കും ശ്രീധരന്‍പിള്ളയേയും കാത്തിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കലിനെതിരെ നല്‍കിയ കത്ത് പിന്‍വലിച്ച് മാപ്പുപറയാന്‍ പിഎസ്ശ്രീധരന്‍പിള്ള തയ്യാറാകണം. ദേശീയപാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്നതാണ്.

എന്നാല്‍ സംസ്ഥാവുമായി ചര്‍ച്ച നടത്താതെ പദ്ധതി നിര്‍ത്താന്‍ തീരുമാനിച്ചത് ദുരൂഹമാണ്. മലയോരതീരദേശ പാതകളുടെ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടുപോകുമ്പോള്‍ ദേശീയപാതാ വികസനം തടഞ്ഞത് ഇരുട്ടടിയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ ദേശീയപാത പൂര്‍ത്തീകരിക്കരുതെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. ബിജെപിയുടെ കരുനീക്കങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യത്തോടെ യുഡിഎഫും കൂട്ടു നില്‍ക്കുകയാണ്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ദേശീയപാതാവികസന പദ്ധതി ഉപേക്ഷിച്ചതാണ്.

എല്‍ഡിഎഫ് വന്ന ശേഷം ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുത്താണ് നടപടികളുമായി മുന്നോട്ടുപോയത്.

ദശാബ്ദങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കം തീര്‍പ്പാക്കി ഭൂമി ഏറ്റെടുക്കുന്നതിനെ അന്ന് ന്യൂനപക്ഷ തീവ്രവാദ സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു.

പിഎസ് ശ്രീധരന്‍പിള്ള കൂടി രംഗത്ത് വന്നതോടെ പദ്ധതി തടയാന്‍ സംഘപരിവാറും ലക്ഷ്യമിട്ടിരുന്നുവെന്ന് വ്യക്തമായി.

മറ്റു സംസ്ഥാനങ്ങളില്‍ ആറുവരിയാണ് നിര്‍ദ്ദേശിച്ചതെങ്കില്‍ ഇവിടെ അത് നാലുവരിയായി കുറച്ചത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധന സെസ് കൊടുക്കുന്ന സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിന് ദേശീയപാതാ വികസനത്തിന് കൂടുതല്‍ തുക വകയിരുത്താന്‍ കേന്ദ്രം ബാധ്യസ്ഥമാണ്.

ദേശീയപാതാവികസനം അട്ടിമറിച്ചതിനെതിരെ ഒരക്ഷരം മിണ്ടാത്ത യുഡിഎഫ് നിലപാട് ദൗര്‍ഭാഗ്യകരമാണ്.

തീരുമാനം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News