മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികാചരണം മെയ് അഞ്ചിന് സമാപിച്ചു; സമകാലിക ലോകത്ത്, മാര്‍ക്‌സിനും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കുമുള്ള പ്രസക്തി തെളിയിച്ചുകൊണ്ട്‌

1818 മെയ് അഞ്ചിന് ജനിച്ച കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മവാര്‍ഷികം 2019 മെയ് അഞ്ചിന് ഒരുവര്‍ഷം നീണ്ട ആചരണ പരിപാടികളോടെ സമാപിച്ചു. 200–ാം ജന്മവാര്‍ഷികം ഇന്ത്യയടക്കം ലോകത്തെങ്ങും വ്യാപകമായി ആചരിക്കപ്പെട്ടു.

കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ , മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും സംബന്ധിച്ച പുസ്തകപ്രകാശനം എന്നിവ നടന്നു. ഇത്തരം വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചത്, സമകാലിക ലോകത്ത്, 21–ാം നൂറ്റാണ്ടില്‍ മാര്‍ക്‌സിനും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കുമുള്ള പ്രസക്തിയാണ്.

ഇന്ത്യയില്‍ വലതുപക്ഷ ഹിന്ദുത്വശക്തികള്‍ക്കും അതിന്റെ നേതാവ് നരേന്ദ്ര മോഡിക്കുമെതിരെയുള്ള തെരഞ്ഞെടുപ്പ് യുദ്ധത്തിന് ഇടയിലാണ് വാര്‍ഷികാചരണം നടന്നത്. മാര്‍ക്‌സിസത്തിന്റെ സമകാലികപ്രസക്തിയുടെ ഒരു സവിശേഷവശം ഇത് കൃത്യമായിപുറത്തു കൊണ്ടുവന്നു. അത്, മോഡി ഗവണ്‍മെന്റ് അധികാരമേറ്റശേഷം ഇന്ത്യയില്‍ നടപ്പാക്കിപ്പോരുന്ന വലതുപക്ഷ കടന്നാക്രമണത്തിന്റെ അര്‍ഥം മനസ്സിലാക്കാനുള്ള ഒരു രീതിശാസ്ത്രം എന്ന നിലയ്ക്കുള്ള പ്രസക്തിയാണത്.

വലതുപക്ഷത്തേക്കുള്ള ചായ്വ് ( ടവശള)േ ഒരാഗോള പ്രതിഭാസമെന്ന നിലയ്ക്ക് തുടരുകയാണ്. 2018ല്‍ തീവ്രവലതുപക്ഷമോ അതി ദേശീയതാവാദികളോ ആയ എട്ട് ഗവണ്‍മെന്റുകളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉണ്ടായിരുന്നത്.- ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഇറ്റലി, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നിവ.

ഫ്രാന്‍സിലെ നാഷണല്‍ ഫ്രന്റ്, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡ്യൂഷ് ലാന്‍ഡ്, ഗ്രീസിലെ ഗോള്‍ഡന്‍ ഡോണ്‍, ഫിന്‍ലന്‍ഡിലെ ഫിന്‍സ് പാര്‍ടി, നെതര്‍ലന്‍ഡ്‌സിലെ പാര്‍ടി ഓഫ് ഫ്രീഡം തുടങ്ങിയ അതിതീവ്രവലതുപക്ഷ /കുടിയേറ്റവിരുദ്ധ പാര്‍ടികളുടെ നിലനില്‍പ്പും വളര്‍ച്ചയും ഇതിനുപുറമെയാണ്.

ദക്ഷിണ അമേരിക്കയിലെ വലതുപക്ഷ പ്രത്യാക്രമണം തെളിഞ്ഞുവരുന്നത്, ബ്രസീലിലെ കടുത്ത വലതുപക്ഷക്കാരനായ ജെയ്ര്‍ ബൊള്‍സൊനാരോ തെരഞ്ഞെടുക്കപ്പെട്ടതും അമേരിക്കന്‍ പിന്തുണയോടെ വെനസ്വേലയിലെ മഡൂറോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ആരംഭിച്ചതും വഴിയാണ്.

കഴിഞ്ഞവര്‍ഷംതന്നെയാണ് എര്‍ദോഗന്‍ തുര്‍ക്കി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മാസമാണ്, ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

വലതുപക്ഷക്കാരനായ ഷിന്‍സോ ആബെ ഇപ്പോള്‍ നാലാം തവണയാണ് ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഇതിനെല്ലാത്തിനും മേലെ, അമേരിക്കയില്‍ അതിതീവ്രവലതുപക്ഷക്കാരനായ ഡോണള്‍ഡ് ട്രംപ് 2016 നവംബറില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മോഡിയും ഇക്കൂട്ടത്തില്‍പ്പെടുന്ന നേതാവാണ്.

ഇത്തരം നേതാക്കന്മാരുടെയും വലതുപക്ഷ ഭരണ സംവിധാനങ്ങളുടെയും ഉയര്‍ച്ചയെപ്പറ്റി പല പല സിദ്ധാന്തങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. പല മുതലാളിത്ത വ്യാഖ്യാതാക്കളും ‘പുതിയ ജനപ്രിയരാഷ്ട്രീയ’ ത്തിന്റെ ഉദയത്തെപ്പറ്റി വാചാലരാകുന്നുണ്ട്.

മറ്റു ചിലര്‍ രാഷ്ട്രീയത്തില്‍ കരുത്തന്മാരുടെ ഉദയമാണിതെന്ന് പറയുന്നു. പക്ഷേ ഇതൊക്കെ വഴിതെറ്റിക്കുന്നതോ യഥാര്‍ഥ പ്രതിഭാസത്തിന്റെ വികലമായ വിലയിരുത്തലില്‍നിന്നുണ്ടാകുന്നതോ ആണ്.

‘ജനപ്രിയം’ എന്ന പ്രയോഗം രാഷ്ട്രീയത്തിലെ ഒരു ശൈലി മാത്രമാണ്, അതൊരു രാഷ്ട്രീയ തത്വശാസ്ത്രമല്ല. പക്ഷേ ലിബറല്‍ വ്യാഖ്യാതാക്കള്‍ ഈ പ്രയാേഗം ഇടതുപക്ഷക്കാര്‍ക്കും വലതുപക്ഷക്കാര്‍ക്കും ഒരേപോലെ ചാര്‍ത്തിക്കൊടുക്കാറുണ്ട്.- ഹ്യൂഗോ ഷാവേസായാലും ഡോണള്‍ഡ് ട്രംപായാലും മരിയ ലെ പെന്നായാലും ജെറമി കോര്‍ബിനായാലും അവരത് പ്രയോഗിക്കും.

അതേപോലെ വലതുപക്ഷത്തെ കടുത്ത ഏകാധിപതികളായ എര്‍ദോഗനായാലും, ഹംഗറിയിലെ വിക്ടര്‍ ഓര്‍ബനായാലും ഇടതുപക്ഷ ദേശീയനേതാക്കളായ വെനസ്വേലയിലെ നിക്കോളസ് മഡൂറോയോ ബൊളീവിയയിലെ ഇവോ മൊറെയ്ല്‍സോ ആയാലും അവര്‍ക്ക് ‘ കരുത്തരാ’ണ്.

എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തവും അതിന്റെ പ്രമാണങ്ങളും ആശ്രയിച്ചേ പറ്റൂ. ലൂയി ബോണെപാര്‍ട്ടിന്റെ പതിനെട്ടാമത് ബ്രൂ മെയര്‍ എന്ന ഗ്രന്ഥത്തില്‍ മാര്‍ക്‌സ് പറഞ്ഞത് മനുഷ്യര്‍ ‘സ്വന്തം ചരിത്രം രചിക്കുന്നു. പക്ഷേ തങ്ങള്‍ക്കിഷ്ടമായതുപോലെയല്ല. തങ്ങള്‍ തെരഞ്ഞെടുത്ത സാഹചര്യങ്ങളില്‍ അല്ല അവരത് ചെയ്യുന്നത്. പകരം, നേരിട്ട് ഏറ്റുമുട്ടിയതും ഭൂതകാലത്തില്‍നിന്ന് ലഭിച്ചതുമായ സാഹചര്യങ്ങളിലാണ്.’

ബോണപ്പാര്‍ട്ടിസത്തിന്റെ ഉയര്‍ച്ചയെപ്പറ്റി, അല്ലെങ്കില്‍ മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, മുതലാളിത്തസമൂഹത്തിലെ ഭരണവര്‍ഗത്തിന് അതിന്റെ അധികാരം ഭരണഘടനാപരവും പാര്‍ലമെന്ററിയനുമായ മാര്‍ഗത്തിലൂടെ തുടരാനാകാന്‍ കഴിയാത്ത സാഹചര്യത്തിലെത്തുകയോ നിലവിലുള്ള രാഷ്ട്രീയക്രമത്തിനകത്തെ പ്രതിസന്ധി തകര്‍ച്ചയുടെ ഘട്ടത്തില്‍ എത്തി നില്‍ക്കുകയോ ചെയ്യുമ്പോള്‍, ഏകാധിപതിയായ നേതാവ് ഉയര്‍ന്നു വരുന്നതിനെപ്പറ്റി എഴുതുകയായിരുന്നു മാര്‍ക്‌സ്.

ബോണപ്പാര്‍ട്ടിസ്റ്റ് വാഴ്ച, ഭരണവര്‍ഗത്തിന് എതിരായിപ്പോകും എന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മറിച്ച്, അവരുടെ താല്‍പ്പര്യസംരക്ഷണത്തിനു വേണ്ടിയാണ് അത് പ്രവര്‍ത്തിക്കുക.

തൊഴിലാളിവര്‍ഗം അരുകുവല്‍ക്കരിക്കപ്പെട്ടു

തീവ്രവലതുപക്ഷക്കാരും ഏകാധിപതികളുമായ നേതാക്കളുടെ ഉയര്‍ച്ചയെ ആഗോള ധനമൂലധനത്തിന്റെ ചപലചിത്തതയുടെ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. നിയോലിബറലിസം സമൂഹങ്ങളെത്തന്നെ പുനഃസംഘടിപ്പിക്കുന്നതിന്റെയും നവലിബറല്‍ വ്യവസ്ഥതന്നെ പ്രതിസന്ധിയില്‍ ആകുന്നതിന്റെയും പശ്ചാത്തലത്തില്‍ വേണം ഇത് മനസ്സിലാക്കാന്‍.

ഇങ്ങനെ വലതുപക്ഷത്തേക്കുചാഞ്ഞ നേതാക്കളുടെ സവിശേഷത, നിയോലിബറല്‍ നയങ്ങളോട് അവര്‍ കാട്ടുന്ന ഭക്തിയും സങ്കുചിതദേശീയതയും പുറംതള്ളലിനെക്കുറിച്ചുള്ള വാചാടോപവുമാണ്. തെരഞ്ഞെടുക്കപ്പെട്ട ചില ഏകാധിപതികള്‍ മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ തരത്തിലുള്ള ബോണപ്പാര്‍ട്ടിസ്റ്റ് തരത്തിലുള്ള സ്വഭാവമാണ് കാട്ടുന്നത്.

നിയോലിബറലിസം കഴിഞ്ഞ നാല് ദശകങ്ങളായി സമൂഹങ്ങളെ പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പുനഃസംഘടനയുടെ അനന്തരഫലം, തൊഴിലാളിവര്‍ഗം അരുകുവല്‍ക്കരിക്കപ്പെട്ടു എന്നതാണ്.

നിയോലിബറലിസം സ്വത്വരാഷ്ട്രീയത്തിന്റെയും പരസ്പരം മത്സരിക്കുന്ന ഗോത്രാധിഷ്ഠിതവും മതാധിഷ്ഠിതവുമായ ദേശീയതകളുടെയും ഒരു പ്രളയംതന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇതേ നാല് ദശകക്കാലത്ത് സോഷ്യലിസത്തിന്റെയും സാര്‍വത്രികമൂല്യങ്ങളുടെ പിറകോട്ടടിയും അതുവഴി വിവിധതരം വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയും ദൃശ്യമായി.

2007-08 കാലത്തെ ആഗോള സാമ്പത്തികപ്രതിസന്ധി നിയോലിബറല്‍ വ്യവസ്ഥയുടെ ഉയര്‍ന്നുവരുന്ന പ്രതിസന്ധിയുടെ തുടക്കമായിരുന്നു.

സിപിഐ എമ്മിന്റെ 22–ാം പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ, നിയോലിബറലിസത്തിന്റെ ഈ പ്രതിസന്ധി പുതിയ വൈരുധ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് പുതിയ രാഷ്ട്രീയശക്തികളുടെ ഉദയത്തിലേക്കും വളരുന്ന പിരിമുറുക്ക ങ്ങളിലേക്കും നയിച്ചിട്ടുണ്ട്.

നിയോലിബറല്‍ വ്യവസ്ഥ വഴിമുട്ടിനില്‍ക്കെ, ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂടസംവിധാനങ്ങളും പഴയതുപോലെ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ ഭരണവര്‍ഗത്തിന് കഴിയാതെയാകും.

നിയോലിബറലിസം നമ്മുടെ ജനാധിപത്യത്തെയും രാഷ്ട്രീയസ്ഥാപനങ്ങളെയും പൊള്ളയാക്കിത്തീര്‍ത്തിട്ടുണ്ട്. അത്തരമൊരു പരിതഃസ്ഥിതിയിലാണ് കടുത്ത വലതുപക്ഷക്കാരും പലപ്പോഴും ഒറ്റയാന്മാരുമായ രാഷ്ട്രീയബിംബങ്ങള്‍ ഉയര്‍ന്നു വരുന്നത്.അപകീര്‍ത്തിക്കപ്പെട്ട രാഷ്ട്രീയസ്ഥാപനങ്ങളില്‍നിന്ന് വേറിട്ട, അതിലുമൊക്കെ ഉന്നതരാണ് തങ്ങള്‍ എന്ന് അവര്‍ സ്വയം പ്രക്ഷേപണം നടത്തും.

രാഷ്ട്രീയസാഹചര്യങ്ങളും പ്രതിലോമപരമായ പ്രത്യയശാസ്ത്രങ്ങളുടെയും വിഭജനവാദപരമായ ദേശീയതകളുടെയും പ്രയോഗങ്ങളും ഓരോ കേസിലും വ്യത്യസ്തമാണെങ്കിലും ട്രംപ് , എര്‍ദോഗന്‍, നെതന്യാഹു, ബൊള്‍സൊനാരോ എന്നിവരെല്ലാംതന്നെ ഈ പ്രതിഭാസത്തിന്റെ ഉല്‍പ്പന്നങ്ങളാണ്.

മൂലധനവാഴ്ചയുടെ ഇഷ്ടരൂപമായ ലിബറല്‍ ജനാധിപത്യവും പ്രതിസന്ധിയിലാണ്. പാശ്ചാത്യനാടുകളിലെ ജനങ്ങള്‍ക്ക്, വിശേഷിച്ചും തൊഴിലാളിവര്‍ഗത്തിന്, അത് ധനമൂലധനത്തിനെയും വരേണ്യബിസിനസിനെയും സേവിക്കുന്ന ഒരുപകരണം മാത്രമായി കൂടുതല്‍ കൂടുതലായി ബോധ്യപ്പെട്ടുവരികയാണ്.

നിയോലിബറല്‍ ലോകവീക്ഷണം സ്വീകരിച്ച സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. അവരും അപകീര്‍ത്തിപ്പെടുകയും അഴിമതിക്കാരായ അതേ ഭരണവര്‍ഗത്തിന്റെ ഭാഗമായി മറ്റുള്ളവര്‍ നോക്കിക്കാണാന്‍ ഇടവരുകയും ചെയ്തു.

ഈ സാഹചര്യങ്ങള്‍ക്കിടയിലാണ്, തീവ്രവലതുപക്ഷ- നവ ഫാസിസ്റ്റ് ശക്തികള്‍ നിയോലിബറല്‍ ക്രമത്തോട് ജനങ്ങള്‍ക്ക് പൊതുവിലുള്ള അസംതൃപ്തി ചൂഷണംചെയ്യാന്‍ പരിശ്രമിക്കുന്നത്. അവര്‍ കുടിയേറ്റക്കാരെയും മതപരവും ഗോത്രപരവുമായ ന്യൂനപക്ഷങ്ങളെയും ഉന്നംവച്ച് അയുക്തികവിദ്വേഷവും കുടിയേറ്റവിരുദ്ധ വികാരവും വളര്‍ത്തിയെടുക്കുന്നു.

‘വര്‍ഗസമരം അവശ്യമായും രാഷ്ടീയസമരം കൂടിയാണ്’

ആഗോള ധനമൂലധനവും നവലിബറല്‍ ഭരണക്രമവും എല്ലായിടത്തും ഗോത്രാധിഷ്ഠിതവും വംശീയവും മതപരവുമായ സ്വത്വബോധങ്ങളെ പ്രോത്സാഹിപ്പിച്ചു പോന്നിട്ടുണ്ട്. വലതുപക്ഷ സ്വത്വരാഷ്ട്രീയത്തിനും സങ്കുചിത ദേശീയതകള്‍ക്കുമുള്ള അടിസ്ഥാനമായി മാറിത്തീരുന്നത് ഇവയാണ്.

വ്യത്യസ്ത രാഷ്ട്രങ്ങള്‍ക്ക് ഉന്നംവയ്ക്കാന്‍ വ്യത്യസ്ത അപരന്മാരുണ്ട്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍, തുര്‍ക്കിയില്‍ കുര്‍ദുകള്‍, യൂറോപ്പിലും അമേരിക്കയിലും കുടിയേറ്റക്കാര്‍ – വിശേഷിച്ചും പശ്ചിമേഷ്യയില്‍നിന്നുള്ളവര്‍…അങ്ങനെയങ്ങനെ.

ഈ വലതുപക്ഷഭീഷണിയുടെ സ്വഭാവം മനസ്സിലാക്കാന്‍ മാത്രമല്ല മാര്‍ക്‌സിസം നമ്മെ സഹായിക്കുക. അതിനെതിരെ പോരാടാനുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ തുണകൂടി അതുനല്‍കുന്നുണ്ട്.

വലതുപക്ഷശക്തികളോട് എതിരിടാനാവുക, അടിസ്ഥാനപരമായി വര്‍ഗസമരത്തിലൂടെയാണ്. ഈ വര്‍ഗസമരം സാമ്രാജ്യത്വത്തിനും അന്താരാഷ്ട്ര ധനമൂലധനത്തിനും എതിരെയുള്ള പോരാട്ടങ്ങളാല്‍ വലയിതമാണ്.

എന്നിരിക്കിലും വര്‍ഗസമരം പ്രാഥമികമായും ദേശാതിര്‍ത്തികള്‍ക്കുള്ളില്‍ നടക്കേണ്ടതാണ്. മാര്‍ക്‌സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞത് ഇങ്ങനെയാണ്: ”ബൂര്‍ഷ്വാസിയുമായുള്ള തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടം, ഉള്ളടക്കത്തിലല്ലെങ്കിലും രൂപത്തില്‍ ആദ്യമായും ഒരു ദേശീയ പ്രക്ഷോഭമാണ്. ഓരോ രാജ്യത്തെ തൊഴിലാളികളും തീര്‍ച്ചയായും തങ്ങളുടെ ബൂര്‍ഷ്വാസിയുമായി കണക്ക് തീര്‍ക്കേണ്ടതുണ്ട്.”

വര്‍ഗസമരമെന്നത് അടിസ്ഥാനവര്‍ഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമായി ലളിതവല്‍ക്കരിച്ചു കാണാനാകില്ല. മാര്‍ക്‌സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ചൂണ്ടിക്കാട്ടിയതുപോലെ, ‘വര്‍ഗസമരം അവശ്യമായും രാഷ്ടീയസമരം കൂടിയാണ്.’

ഇന്ത്യന്‍ സാഹചര്യങ്ങളില്‍, ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള സമരം അവശ്യമായും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരമാണ്. അത്തരം സമരം ഗുണപരമായി ശക്തിപ്പെടുകയും ഒരു ബഹുജനസ്വഭാവം ആര്‍ജിക്കുകയും ചെയ്യുക, അത് നിയോലിബറല്‍ ക്രമത്തിനെതിരെയുള്ള സമരത്തിന് ഉദ്യുക്തമാകുമ്പോഴാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വലതുപക്ഷ കടന്നാക്രമണത്തിനും മുതലാളിത്ത ആഗോളവല്‍ക്കരണം കെട്ടഴിച്ചുവിട്ട വിഘടന ശക്തികള്‍ക്കും എതിരെയുള്ള സമരം, ലിബറല്‍ ഡെമോക്രസിയില്‍ നിന്നും ഒത്തുതീര്‍പ്പ് വാദികളായ സോഷ്യല്‍ ഡെമോക്രസിയില്‍നിന്നും വേറിട്ട ഒരു പുതിയ ഇടതുപക്ഷ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു വരുന്നുണ്ട്.

അത്തരം ഉണര്‍ച്ചകള്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ടിയുടെ ജെറമി കോര്‍ബിന്റെ വേദികളില്‍, ബെര്‍ണി സാന്റേഴ്‌സിന്റെ നേതൃത്വത്തില്‍ യുഎസ്എയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളില്‍, ഫ്രാന്‍സിലെ ഇടതുമുന്നണിയിലും മഞ്ഞക്കുപ്പായക്കാരുടേതുപോലുള്ള ജനകീയപ്രസ്ഥാനങ്ങളില്‍, പാരിസ്ഥിതിക പ്രസ്ഥാനങ്ങളിലും മറ്റിതര പ്രസ്ഥാനങ്ങളിലും നാം കണ്ടു.

ഇതൊക്കെയും തൊഴിലാളിവര്‍ഗത്തെയും പണിയെടുക്കുന്ന ജനങ്ങളെയും രാഷ്ട്രീയ സംഭവഗതികളുടെ കേന്ദ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രാഥമികവും പരീക്ഷണാത്മകവുമായ ചുവടുവയ്പുകള്‍ മാത്രമാണ്.

എറിക് ഹോബ്‌സ് ബാം അദ്ദേഹത്തിന്റെ അവസാന ഗ്രന്ഥത്തില്‍ പറഞ്ഞതുപോലെ, ‘മാര്‍ക്‌സിനെ ഗൗരവത്തിലെടുക്കേണ്ട സമയം ഒരിക്കല്‍ക്കൂടി വന്നുചേര്‍ന്നിരിക്കുന്നു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News