വിശ്വാസ വഞ്ചനയുടെ ബാക്കിപത്രം ; മുംബൈയിലെ മലയാളി ദമ്പതികളുടെ അവസ്ഥ ദയനീയം

അറുപതുകളുടെ തുടക്കത്തിലാണ് തൃശൂർ സ്വദേശിയായ അരവിന്ദൻ മേനോൻ ജോലി തേടി മുംബൈയിലെത്തുന്നത്. കേരളത്തിൽ നിന്നും മുംബൈയിലേക്ക് മലയാളികളുടെ കുടിയേറ്റത്തിന് തുടക്കമിട്ട കാലഘട്ടമായിരുന്നു അതെന്നും പറയാം.

അന്നെല്ലാം പത്താം ക്‌ളാസ് പാസ്സായി ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പഠിച്ചു നഗരത്തിലെത്തിയാൽ ജോലി ഉറപ്പായിരുന്നു. പിന്നീട് എഴുപതുകളുടെ അവസാനത്തോടെയാണ് ഗൾഫിലേക്കുള്ള കുത്തൊഴുക്ക് ഉണ്ടാകുന്നത്.

അതിന് മുൻപ് തൊഴിൽ തേടി നടക്കുന്നവരുടെ ഏക ആശ്രയം മുംബൈ ആയിരുന്നു. മുംബൈയിലെത്തി അധികം താമസിയാതെ തന്നെ അരവിന്ദൻ മേനോന് സയണിലെ ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗവും ലഭിച്ചു.

ഈ കാലഘട്ടത്തിൽ മലയാളികൾ മിക്കവാറും വാടക വീടുകളിലും ക്വാർട്ടേഴ്‌സിലുമായാണ് താമസിച്ചു വന്നിരുന്നത്. ജോലിയെല്ലാം സ്ഥിരമായതോടെ തൃശൂർ ചേർപ്പിലെ മേനോത്ത് തറവാട്ടിലെ സുകുമാരിയെ ജീവിത സഖിയാക്കി കുടുംബജീവിതത്തിന് തുടക്കമിട്ടു.

ജോലിയിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനമായിരുന്നു അരവിന്ദൻ മേനോന്റെ കുടുംബത്തെ മുന്നോട്ട് നയിച്ചത്. രണ്ടു മക്കളെ പഠിപ്പിച്ച്‌ വിവാഹം കഴിപ്പിച്ചതോടെ ജോലിയിൽ നിന്നും വിരമിക്കാറായെങ്കിലും അതിന് മുൻപ് തന്നെ കമ്പനിയും അടച്ചു പൂട്ടിയതോടെ വരുമാനവും നിന്നു.

ഏതൊരു പ്രവാസിയെപ്പോലെയും വിശ്രമ ജീവിതം ജന്മനാട്ടിലാകണമെന്ന മോഹമായിരുന്നു ഈ ദമ്പതികൾക്കും. അങ്ങിനെയാണ് മോഹനവാഗ്ദാനങ്ങളുമായെത്തിയ നാട്ടിലെ ഒരു പരസ്യത്തിൽ ആകൃഷ്ടരാകുന്നത്.

ഗുരുവായൂരിൽ മൂന്നു സെന്ററിൽ ഒരു വീട് എന്ന സ്വപ്ന പദ്ധതിയിൽ നിക്ഷേപിക്കാൻ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. വില്ലക്കൊപ്പം സ്ഥിരവരുമാനവും ആ വരുമാനത്തില്‍ നിന്ന് കമ്പനി തന്നെ വായ്പ അടക്കാമെന്നുമാണ് വാഗ്ദാനം ചെയ്തിരുന്നത്.

ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിച്ച തുകയും ഭാര്യ വീട്ടിലെ നിന്നും ഭാഗമായി ലഭിച്ച പണവുമെല്ലാം കൂട്ടി ബിൽഡറെ ഏൽപ്പിച്ചു. പണം മുഴുവനായി വേണമെന്ന നിർബന്ധത്തിന് വഴങ്ങി അവശേഷിക്കുന്ന സമ്പാദ്യമെല്ലാം ചേർത്ത് മുപ്പതു ലക്ഷം രൂപയും 2010 ൽ മുൻ‌കൂർ കൊടുത്തു വീടിനായി കാത്തിരിപ്പ് ആരംഭിച്ചു.

പൈസ കൊടുത്ത് ഒന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഇല്ലാതായതോടെ പ്രതീക്ഷകളെല്ലാം പൊലിയുകയായിരുന്നു. വീട് വേണ്ട കൊടുത്ത പൈസയെങ്കിലും തിരിച്ചു തരുവാൻ പറഞ്ഞു ബിൽഡറുടെ ഓഫീസിൽ നിരവധി തവണ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

ചതിക്കുഴിയിൽ പെട്ടെന്ന് മനസ്സിലായതോടെയാണ് 2012 ൽ തിരുവനന്തപുരത്ത് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കുന്നത്. കേസിൽ നഷ്ട പരിഹാരമായി 60 ലക്ഷം കൊടുക്കണമെന്ന അനുകൂല വിധിയുണ്ടായെങ്കിലും അരവിന്ദൻ മേനോന് ഇവർ നൽകിയത് അശാന്തി മാത്രമായിരുന്നു.

ആറു മാസം കൊണ്ട് പണിത് തരാമെന്ന് പറഞ്ഞ വില്ലയ്ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് 9 വർഷം പിന്നിടുമ്പോൾ കേസും കോടതിയുമായി നിരവധി യാത്രകൾ. ഓരോ തവണയും കോടതി നടപടികൾക്കായി മുംബൈയിൽ നിന്ന് കേരളത്തിലെത്തുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുമ്പോൾ അരവിന്ദന് വാക്കുകൾ അറിയാതെ മുറിഞ്ഞു പോകുന്നു.

സ്‌പൈനൽ കോഡ് തകരാറു കാരണം തളർന്നു കിടപ്പിലായ സുകുമാരിക്ക് പരസഹായം കൂടി വേണ്ടി വന്നതോടെ തളർന്നത് അരവിന്ദൻ മേനോന്റെ മനസ്സായിരുന്നു. സുഖമില്ലാത്ത ഭാര്യയെ പരിചരിക്കുന്നതിനോടൊപ്പം കോടതി നടപടികൾക്കായി കേരളത്തിലെത്താൻ പാട് പെടുന്ന എഴുപത്തഞ്ചുകാരൻ ഇപ്പോഴും പ്രത്യാശയിലാണ്.

സകലതും നഷ്ടപ്പെട്ട മേനോനും ഭാര്യയും അഞ്ചു വർഷമായി മുംബൈയിലെ വൃദ്ധ സദനത്തിലാണ് താമസം. സാധാരണക്കാരായ മക്കൾ കഴിയുന്ന സഹായം ചെയ്യുന്നതു കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. കോടതിയും കേസുമായി ഓടി നടന്ന അരവിന്ദൻ മേനോന്റെ ശരീരവും മനസും തളർന്നു.

ഭാര്യ കിടപ്പിലായതോടെ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം പോലും ശിഷ്‌ടകാലത്ത് ഉപയോഗമില്ലാതെ പോകുന്ന സാധാരണക്കാരന്റെ നൊമ്പരമാണ് അരവിന്ദൻ മേനോനെ വീണ്ടും ദുർബലനാക്കുന്നത്. നീതിക്കു വേണ്ടിയുള്ള ഈ വൃദ്ധ ദമ്പതികളുടെ ദയനീയ രോദനം ചതിക്കുഴിയിലകപ്പെട്ട് നിസ്സഹായതയോടെ ജീവിതം കഴിച്ചു കൂട്ടുന്ന നിരവധി പേരുടെ മാറ്റൊലിയാണ്.

അഞ്ചു പതിറ്റാണ്ടായി മഹാ നഗരത്തിൽ അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട് ഇന്നൊരു വൃദ്ധസദനത്തിലെ അന്തേവാസികളായി ജീവിതം ഹോമിക്കേണ്ടി വന്ന ഈ മലയാളി ദമ്പതികളുടെ അവസ്ഥ കരളലിയിക്കുന്നതാണ്.

സ്വാർത്ഥത നിറഞ്ഞ പുതിയ കാലത്തിലെ ഇത്തരം പതിവുകാഴ്ച്ചകള്‍ സമൂഹത്തിന്റെ സെല്‍ഫികളാണെന്ന ഓര്‍മ്മപ്പെടുത്തൽ കൂടിയാണ് ഇവർ കോറിയിടുന്ന ചിത്രങ്ങൾ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here