റഹ്മാന്‍ നായകനാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ സെവന്റെ ട്രെയിലര്‍ റിലീസായി

ജൂണ്‍ 5 നു പ്രദര്‍ശനത്തിനെത്തുന്ന റഹ്മാന്‍ നായകനാവുന്ന തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രമായ സെവന്റെ ട്രെയിലര്‍ റിലീസായി.കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലര്‍.

ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണര്‍ നായക കഥാപാത്രമാണ് റഹ്മാന്റേത്. തെലുങ്കിലെ യുവ നായകന്‍ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഛായാഗ്രാഹകന്‍ കൂടിയായ നിസ്സാര്‍ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവന്‍. സെവനില്‍ റെജീന കസാന്ദ്ര, നന്ദിത ശ്വേതാ , അദിതി ആര്യാ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത് .

നഗരത്തില്‍ സുന്ദരിമാരായ ആറു പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന ജീവിത ദുരന്തങ്ങള്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിന് വെല്ലുവിളിയാവുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇരകളായ ആറു പെണ്‍കുട്ടികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു.

ആറു പേരും പരാതി നല്‍കുന്നത് ഒരേ വ്യക്തിക്കെതിരെ .അവന്‍ തന്നെയാണോ കുറ്റവാളി ?.എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങള്‍ നടത്തി ? ആരാണ് യഥാര്‍ത്ഥ കുറ്റവാളി ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയുള്ള റഹ്മാന്‍ അവതരിപ്പിക്കുന്ന , പോലീസ് കമ്മീഷണര്‍ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ് .

ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാര്‍ ഷാഫി സ്വീകരിച്ചിട്ടുള്ളത് .

ചൈതന്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കിരണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ രമേഷ് വര്‍മ്മ, ജവഹര്‍ ജക്കം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 7 സെവന്‍ ഹൈദരാബാദ് ,ചെന്നൈ ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here