കോഴിക്കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം വടകര വീണ്ടും വോളിബോള്‍ ആവേശത്തില്‍. വിഖ്യാത വോളി താരം ഇരിങ്ങല്‍ പപ്പന്റേയും പന്തില്‍ വിരലുകള്‍കൊണ്ട് ഇന്ദ്രജാലം കാണിച്ച അയേണ്‍ഫിംഗര്‍ മുകുന്ദന്റേയും പെരുമ പേറുന്ന വടകരയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം നൂറോളംപേരാണ് വടകര നാരായണ നഗറിലെ ക്യാംപിലെത്തുന്നത്.

രാജ്യത്തിനുവേണ്ടി നിരവധി ദേശീയ അന്തര്‍ ദേശീയ താരങ്ങളെ വാര്‍ത്തെടുത്ത മുന്‍ നാഷണല്‍ പ്ലയറും സര്‍വീസസ് കോച്ചുമായ വി.എം.ശ്രീജിത്താണ് ക്യാംപിന് നേതൃത്വം നല്‍കുന്നത്.

മുഴുവന്‍ സമയം കുട്ടികളെ പരിശീലിപ്പിക്കുന്നതാവട്ടെ വോളിബോളിന്റെ നെഞ്ചിടിപ്പറിയാവുന്ന മണിയൂര്‍ രാജനും. 10വയസുമുതല്‍ 18വയസുവരേയുള്ളവര്‍ ക്യാംപിലുണ്ട്.

ഒരുമാസം നീളുന്ന ക്യാംപവസാനിക്കുമ്പോള്‍ ഇന്ത്യന്‍വോളിബോളിന് പ്രതീക്ഷയേകുന്ന കുറച്ച് താരങ്ങളെയെങ്കിലും വടകരയിലെ ഈ ക്യാപിന് സംഭാവന ചെയ്യാനാവും.

വെറുതെ പന്തെടുത്തിട്ട് കൊടുത്ത് തല്ലിക്കോളാന്‍ പറയുകയല്ല ഈ ക്യാംപില്‍. മുഴുവന്‍ സമയം ക്യാംപിലുള്ള കുട്ടികളുടെ നിലവാരം അളന്നെടുത്ത് അവര്‍ക്കാവശ്യമുള്ളവ നല്‍കുകയാണെന്ന് മണിയൂര്‍ രാജന്‍ പറഞ്ഞു.

വടകരയില്‍ ഇക്കാലമത്രയും നിരവധി ക്യാംപുകള്‍ നടന്നിട്ടുണ്ട്. അവയെ ഒന്നും ചെറുതായി കാണുന്നില്ല. പക്ഷെ വടകര പോലെ വോളിബോളിന്റെ ഈറ്റില്ലം എന്നറിയിപ്പെടുന്നിടത്ത് നിന്ന് ഇന്ത്യന്‍ പ്രതീക്ഷയാവാന്‍ നിരവധി താരങ്ങള്‍ വളര്‍ന്നു വരേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ ക്യാപിന്റെ തുടര്‍ച്ചയായി ഒരു വോളിബോള്‍ അക്കാദമിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. അത് ഇരിങ്ങല്‍ പപ്പന്റെ പേരിലാവണമെന്നാണ് ആഗ്രഹമെന്ന് ശ്രീജിത്ത് പറഞ്ഞു.

വോളി ഫാമിലി പുതുപ്പണമാണ് ക്യാംപിന് സഹായസഹകരണങ്ങള്‍ നല്‍കുന്നത്. വടകരയിലെ ആദ്യകാല താരങ്ങളായ സോമന്‍, മനോജ്, പ്രദോഷ്, രഞ്ജു, അജയന്‍, രാജീവന്‍, നൗഷാദ്, കരുണന്‍, ശാന്തന്‍, സുദേഷ്, ജയന്‍ തുടങ്ങിയവരെല്ലാം ക്യാംപിന്റെ ഭാഗമാണ്.