വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയതായി കണ്ടെത്തി. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപസരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംഭവത്തിലാണ് നടപടി. സംഭവത്തില്‍ സമഗ്രാന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭാപരിധിയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് ആണ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് പരീക്ഷ ഓഫീസിലിരുന്ന് എഴുതിയതായി കണ്ടെത്തിയത്.
പരീക്ഷാനടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായിരുന്നു നിഷാദ് വി മുഹമ്മദ്. നിഷാദിന് പുറമെ ആള്‍മാറാട്ടത്തിന് ഒത്താശ ചെയ്ത പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി കെ ഫൈസല്‍, പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ റസിയ എന്നിവരെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
ഇവര്‍ക്കെതിരെ ആള്‍മാറാട്ടത്തിനുള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അതീവ ജാഗ്രതയോടെ നടത്തിയ മൂല്യനിര്‍ണയത്തിനിടെയാണ് ഗുരുതരമായ ആള്‍മാറാട്ടം ശ്രദ്ധയില്‍പെട്ടത്.
രണ്ട് വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരീക്ഷകളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അധ്യാപകന്‍ ചീഫ് സൂപ്രണ്ടിന്റെ ഉള്‍പ്പെടെ സഹായത്തോടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സ്‌കൂള്‍ ഓഫീസിലിരുന്ന് പരീക്ഷ നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു.
തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പ്ലസ് വണ്‍ പരീക്ഷയില്‍ ഇതേ സ്‌കൂളിലെ 32 ഉത്തരക്കടലാസുകളില്‍ തിരുത്തലുകള്‍ വരുത്തിയതായും കണ്ടെത്തി. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.