കശുവണ്ടിത്തൊഴിലാളികള്‍ക്കുള്ള ധനസഹായം തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കശുവണ്ടിത്തൊഴിലാളികള്‍ക്കുള്ള ധനസഹായം വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കശുവണ്ടി ക്ഷേമനിധി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രാഥമിക പരിശോധനയില്‍ ഒന്നരലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതെന്ന് തെളിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പാണ് അടഞ്ഞ് കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.

34728 പേര്‍ക്കായി 6.94 കോടി രൂപ അനുവദിച്ചു. ഒരു തൊഴിലാളിക്ക് 2000 രൂപ വീതം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 29000 പേര്‍ക്ക് തുക നല്‍കി.

നിശ്ചയിച്ച സമയ പരിധിക്ക് മുന്‍പ് പണം വാങ്ങാത്ത തൊഴിലാളികളാണ് തട്ടിപ്പിനിരയായത്. ഇവരുടെ വിരലടയാളം വ്യാജമായി പതിച്ച് ഉദ്യോഗസ്ഥര്‍ പണം പോക്കറ്റിലാക്കി.

പണം കിട്ടാത്ത ചിലര്‍ ക്ഷേമനിധി ബോര്‍ഡില്‍ എത്തിയപ്പോള് തുക കൈപ്പറ്റിയെന്ന അറിയിപ്പാണ് ലഭിച്ചത്. പരാതി വ്യാപകമായതോടെ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആഭ്യന്തര അന്വേഷണം നടത്തി.കുറ്റകാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു.

കൊട്ടിയത്തെ ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ ക്ലര്‍ക്ക് മണികണ്ഠനാണ് പണം തട്ടിയതെന്ന് മനസിലായി. രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ട്. 64 പേരുടെ തുകയാണ് ഇവര്‍ തട്ടിയെടുത്തത്

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ വച്ചായിരുന്നു ഏപ്രില്‍ ആദ്യവാരം തുക വിതരണം ചെയ്തത്. ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്കുമാരായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.

മറ്റ് സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കശുവണ്ടി വ്യവസായത്തിന്റെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News